മണ്ണാർക്കാട്: കരിമ്പ പനയമ്പാടത്ത് ഓടുന്ന കാറിന് മേലെ മരംവീണ് യുവാവ് മരിച്ചു. കാറോടിച്ചിരുന്ന വിയ്യകുർശി മേലതിൽ അബ്ദുള്ളയുടെ മകൻ സൈനുദ്ദീനാണ് (49)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7 മണിയോടുകൂടിയാണ് സംഭവം. മണ്ണാർക്കാട് ഭാഗത്ത് നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കാറിന് മുകളിലാണ് പനയംപാടത്തുവച്ച് കൂറ്റൻ
മരം വീണത്. റോഡരികിൽ നിന്നിരുന്ന വലിയ വാകമരമാണ് പൊട്ടിവീണത്. തുടർന്ന് പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വാഹനം പൊളിച്ചാണ് സൈനുദ്ദീനെ പുറത്തെടുത്തത്. ഇയാളെ ഉടനെ തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സംഭവത്ത തുടർന്ന് ദേശീയ പാതയിലെ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ശേഷം മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഇന്നലെ വൈകീട്ട് പ്രദേശത്ത് ശക്തമായ കാറ്റോടുകൂടി മഴ പെയ്തിരുന്നു. ഈ ഭാഗങ്ങളിൽ റോഡരികിലായി അപകട ഭീഷണി ഉയർത്തി ഇനിയും ഇത്തരത്തിലുള്ള മരങ്ങൾ അവശേഷിക്കുന്നുണ്ട്. ഭാര്യ: സുജന, രണ്ട് പെൺമക്കളുണ്ട്. സഹോദരങ്ങൾ അസീസ്, റശീദ്, റംല, സഫിയ, ആയിശ, സലീന.