മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിലെ പുഞ്ചക്കോട് മുതലക്കുളം മീൻ വളർത്തുന്നതിന്റെ പേരിൽ നികത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. ഒരേക്കർ വിസ്തൃതിയുള്ള കുളത്തിലെ മണ്ണ് ഒരുവശത്തേക്ക് മാറ്റി കുളം നികത്താനായിരുന്നു നീക്കം. പ്രദേശവാസികളായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ രംഗത്തെത്തിയതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് കുളത്തിലെ ചെളിനീക്കാൻ ജെ.സി.ബി എത്തിയത്. ജെ.സി.ബി കുളത്തിൽ ഇറക്കിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

200 വർഷത്തിലേറെ പഴക്കമുള്ള മുതലക്കുളം ഒരു നാടിന്റെ ജലസ്രോതസാണ്. ഈ കടുത്ത വേനലിലും കുളം വറ്റിയിരുന്നില്ല. സ്വകാര്യവ്യക്തി വേലികെട്ടി തിരിച്ചതിനാൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല. എങ്കിലും കുളത്തിൽ വെള്ളംഉള്ളതു കൊണ്ട് സമീപത്തെ കിണറുകളിൽ ഉറവ നിലനിൽക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. തങ്ങൾ നികുതി അടച്ചു വരുന്ന സ്ഥലമാണിതെന്നും മത്സ്യ കൃഷി നടത്താൻ ആവശ്യമായ എല്ലാ രേഖകളും ബന്ധപ്പെട്ട വകുപ്പ് നൽകിയിട്ടുണ്ടെന്നും കുളത്തിന്റെ ഉടമകൾ പറയുന്നു. എന്നാൽ, മുതലക്കുളം നാടിന്റെ പൊതുജലസ്രോതസാണ്. ഇത് നില നിർത്തേണ്ടത്‌ ജനങ്ങളുടെ ആവശ്യമാണ്. അതിന് ഏത് അറ്റംവരെയും പോകാൻ തങ്ങൾ തയാറാണെന്ന്‌ നാട്ടുകാർ പറഞ്ഞു. ഇതോടെ മണ്ണ്‌ നീക്കുന്നത് നിർത്തി വച്ചു.

ഏതാനും വർഷങ്ങൾക്കു മുൻപും കുളം നികത്താൻ ശ്രമം നടന്നിരുന്നു.

ക്യാപ്... പുഞ്ചക്കോട് മുതലക്കുളം