പാലക്കാട്: ചെന്നൈയിൽ നിന്ന് സംസ്ഥാനത്തെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വില്പനയ്ക്കായി കൊണ്ട് വന്ന 975 ഗ്രാം ഹഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. തമിഴ്‌നാട് കാഞ്ചിപുരം താംബരം സ്വദേശി രാമചന്ദ്രൻ(27) ആണ് പിടിയിലായത്.
പാലക്കാട് ഡെപ്യൂട്ടി കമ്മിഷണർ വി.പി.സലേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് പാലക്കാട് എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടറും പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ സ്വകാഡും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കറേദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. പിടിച്ചെടുത്ത 975 ഹഷീഷ് ഓയിലിന് ഒരു കോടി രൂപയോളം വില വരും.
വിവിധ കോളജ്, സ്‌കൂൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ ഹഷീഷ് ഓയിൽ വില്ക്കുന്ന പ്രധാനകണ്ണിയാണ് ഇയാൾ. ആന്ധ്ര, ഒറീസ തുടങ്ങി സംസ്ഥാനങ്ങളിൽ നിന്നായി ഹഷീഷ് ഓയിൽ കൊണ്ടുവന്ന് തമിഴ്‌നാട് ഭാഗത്ത് വൻതോതിൽ ശേഖരിച്ച് വെച്ച് കേരളത്തിലേക്ക് കടത്തുകയാണ് പതിവ്. ഈ മാഫിയ സംഘത്തിന്റെ കുപ്രസിദ്ധ തലവനായ ആന്ധ്ര സ്വദേശി രോഹിതിനെ പറ്റിയുള്ള അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്. തുടർ അന്വേഷണം പാലക്കാട് എക്‌സൈസ് സി.ഐ പി.കെ.സതീഷ് നടത്തിവരുകയാണ്.
പരിശോധനയിൽ പാലക്കാട് എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എം.സജീവ് കുമാർ, അസി എക്‌സൈസ് ഇൻസ്പെക്ടർ എ.ഷൗക്കത്തലി, പ്രിവന്റീവ് ഓഫീസർമാരായ വൈ.സെയ്ത് മുഹമ്മദ്, സി.എൻ.മനോജ് കുമാർ, പി.എസ്.സുമേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സെയ്ത്, അൽമാസ്, കെ.അഭിലാഷ്, അബ്ദുൾ ബാസിത്ത്, ടി.എസ്.അനിൽകുമാർ, എസ്.രാജേഷ്, ഹരിദാസ്, പ്രത്യുഷ് പങ്കെടുത്തു.