പട്ടാമ്പി: താലൂക്ക് സഭയിൽ വാട്ടർ അതോറിട്ടി പി.ഡബ്ല്യു.ഡി വകുപ്പുകൾക്കെതിരെ ജനപ്രതിനിധികളുടെ രൂക്ഷവിമർശനം. ഇന്നലെ നടന്ന താലൂക്ക് വികസന സമിതിയിൽ ചർച്ചയ്ക്ക് വന്നവയിലേറെയും ഈ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു.
മൂന്ന് വർഷം മുമ്പ് ആരംഭിച്ച കുടിവെള്ളപദ്ധതികൾ പലതും പൂർത്തിയായിട്ടില്ല. റബ്ബറൈസ് ചെയ്ത റോഡുകൾവരെ വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ കുത്തിപ്പൊളിച്ച് സഞ്ചാര യോഗ്യമല്ലാതാക്കുന്നത് പതിവാണെന്നും യോഗം കുറ്റപ്പെടുത്തി.
കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെയും പഞ്ചായത്തുകൾ ആവശ്യപ്പെട്ട സ്ഥലങ്ങളിലെ മരങ്ങൾ മുറിക്കാതെയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് പി.ഡബ്ല്യു.ഡി സ്വാകരിക്കുന്നത്. പി.ഡബ്ല്യു.ഡി നിർമ്മിക്കുന്ന അംഗൻവാടി അടക്കം പലനിർമ്മാണ പ്രവർത്തികളും നിലച്ച സ്ഥിതിയാണ്. വില്ലേജ് ഓഫീസുകളിൽ നികുതി അടയ്ക്കാൻ കാലതാമസം നേരിടുന്നത് സാധാരണക്കാരായ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. പട്ടാമ്പി മണ്ഡലത്തിൽ ഒരാഴ്ചക്കിടെ അഞ്ച് കുട്ടികൾ മരണപ്പെട്ടത് ഭക്ഷ്യവിഷബാധ, ന്യുമോണിയ, മാതാവിന്റെ ഗുളിക കഴിച്ചുമാണെന്നും ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. കുട്ടികളുടെ മരണത്തിൽ പോസ്റ്റ്‌മോർട്ടം ആവശ്യമാണെന്നും, സ്വാഭാവിക മരണത്തിൽ വയസായവരുടെ വീട്ടുകാർക്ക് പരാതിയില്ലെങ്കിൽ അവ ഒഴിവാക്കിക്കൊടുക്കാമെന്നും ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ ധാരണയായി.
ചാലിശ്ശേരി പഞ്ചായത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്ക് പകരം രണ്ടുപേരാണുള്ളത്. ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കണം. ചുഴലികാറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടം ഉടൻ നൽകണം. പരുതൂർ പി.എച്ച്.സിയിൽ സ്ഥിരമായി ഡോക്ടറെ നിയമിക്കണം. വെള്ളിയാങ്കല്ല് ഷട്ടർ തുറക്കാൻ നടപടിയെടുക്കണം. കൊപ്പത്തെ കൈയ്യേറ്റങ്ങൾ കണ്ടെത്തിയാൽ ഇവിടെ പൊലീസ് സ്റ്റേഷനോ, ഫയർഫോഴ്‌സിനൊ സ്ഥലം ലഭിക്കുമെന്നും യോഗം വിലയിരുത്തി.