പാലക്കാട്: ഇത്തവണ വിഭവസമൃദ്ധമായ ഒണസദ്ധ്യയുണ്ണാം വിഷരഹിത പച്ചക്കറി വീട്ടിൽ ഉത്പ്പാദിപ്പിച്ച്. സർക്കാരിന്റെ പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതി നടപ്പാക്കുന്നത്. പത്തു രൂപ വിലയുള്ള നാലരലക്ഷം പച്ചക്കറി വിത്ത് കിറ്റുകളാണ് സൗജന്യമായി വിതരണം ചെയ്യുക. ഒപ്പം 14 ലക്ഷം പച്ചക്കറി തൈകളുമുണ്ട്.
ആലത്തൂർ, കുഴൽമന്ദം, നെന്മാറ, കൊല്ലങ്കോട്, ചിറ്റൂർ ബ്ലോക്കുകൾക്ക് 45,000 വീതം വിത്ത് പായ്ക്കറ്റുകളും പാലക്കാട്, മലമ്പുഴ, ശ്രീകൃഷ്ണപുരം, ഷൊർണൂർ, പട്ടാമ്പി, തൃത്താല ബ്ലോക്കുകൾക്ക് 30,000 വീതം പായ്ക്കറ്റുകളും മണ്ണാർക്കാട് ബ്ലോക്കിലേക്ക് 25,000 പായ്ക്കറ്റും അഗളിയിലേക്ക് 20,000 പായ്ക്കറ്റുകളുമാണ് തയ്യാറാക്കിയത്. സ്‌കൂളുകളിലൂടെയും കൃഷി 'വനുകളിലൂടെയുമാണ് വിതരണം. 28,000 പായ്ക്കറ്റുകൾ ഏജൻസികൾ വഴിയും വിതരണം ചെയ്യും. സ്‌കൂൾ അസംബ്ലിയിൽ പദ്ധതിയെപ്പറ്റി വിവരണം നൽകിയ ശേഷമാണ് വിതരണം ചെയ്യുക.
ജില്ലയിൽ കൃഷി വകുപ്പിന് വിത്തുകൾ നൽകുന്നത് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയാണ്(വി.എഫ്.പി.സി.കെ). വിത്ത് നടീൽ, പരിചരണം എന്നിവ ഉറപ്പാക്കാൻ പഞ്ചായത്തംഗം ചെയർമാനും കൃഷി അസിസ്റ്റന്റ് കൺവീനറായും വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ, ക്ലസ്റ്റർ കൺവീനർ, കർഷകർ എന്നിവരടങ്ങിയ വാർഡുതല നിരീക്ഷണ കമ്മിറ്റികൾക്കാണ് ചുമതല.
സംസ്ഥാന സർക്കാരിന്റെ പച്ചക്കറി വികസന പദ്ധതിയിലൂടെ ആറരക്കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 95 ക്ലസ്റ്ററുകളിലായി ഒരു ക്ലസ്റ്ററിന് 75,000 രൂപ നിരക്കിൽ കൃഷിക്ക് സഹായം നൽകുന്നുണ്ട്. ഇതിന് 71.25 ലക്ഷം രൂപ നീക്കിവച്ചു. ഒറ്റപ്പെട്ട ക്ലസ്റ്ററുകൾക്ക് 15,000 രൂപ വീതം സഹായമുണ്ട്.
പമ്പ് സെറ്റുകൾ വയ്ക്കാനും സ്‌പ്രെയർ വാങ്ങാനും നേഴ്‌സറികൾ സ്ഥാപിക്കാനും സഹായമുണ്ട്. സ്‌കൂളുകളിൽ കൃഷിത്തോട്ടം തയ്യാറാക്കുന്ന പദ്ധതിയുടെ 'ാഗമായി 210 സ്‌കൂളുകളിലായി 8.4 ലക്ഷം രൂപ ചെലവിടും.