പാലക്കാട്: മലമ്പുഴ ഉദ്യാനം സന്ദർശിക്കാനെത്തുന്നവർക്ക് ഇനിമുതൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. ടിക്കറ്റെടുത്ത് പ്രവേശിക്കുന്നവർക്ക് പ്രവേശനാനുമതിയുള്ള സ്ഥലങ്ങളിൽ അപകടം സംഭവിച്ചാൽ മാത്രമാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുക.
ഡാമിന് പരിസരത്ത് 125 ഏക്കറോളം വിസ്തൃതി ഉണ്ടെങ്കിലും മുഖ്യ ഉദ്യാനം, മാംഗോ ഗാർഡൻ, യക്ഷി പാർക്ക്, കുട്ടികളുടെ പാർക്ക്, ഡാംടോപ്പ് എന്നിവിടങ്ങളിലാണ് പ്രവേശന അനുമതിയുള്ളത്. കുട്ടികൾക്ക് 10 രൂപയും മുതിർന്നവർക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതിൽ നിന്നും ലഭിക്കുന്ന ഒന്നര രൂപയാണ് ഇൻഷ്വറൻസ് പ്രീമിയം. ചികിത്സാ ചെലവുകൾക്ക് പരമാവധി 50,000 രൂപ വരെ ലഭിക്കും. മാതാപിതാക്കൾ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിൽ കൂടെയുള്ള കൈകുഞ്ഞുങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ ഇന്ന് വൈകിട്ട് അഞ്ചിന് ഉദ്യാനത്തിന് മുന്നിൽ നിർവഹിക്കും. അതോടൊപ്പം ഉദ്യാനത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് ജനറേറ്ററുകളുടെ ഉദ്ഘാടനവും നിർവഹിക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനാവും.