പാലക്കാട്: വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത കുതിരാനിൽ അനുദിനം ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്, അതോടൊപ്പം അപകടങ്ങളും വർദ്ധിക്കുന്നു. കാലവർഷം ഇൗ മാസം ആറോടെ ശക്തിപ്പെടുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും മണ്ണിടിച്ചലിന് പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ആഗസ്റ്റിലെ പെരുമഴയിൽ കുതിരാനിൽ പലയിടത്തും മണ്ണിടിച്ചലുണ്ടായതിനെ തുടർന്ന് 48 മണിക്കൂറോളം ഗതാഗതം സ്തംഭിച്ചിരുന്നു. ഇപ്പോഴും ഈ പ്രദേശത്ത് റോഡിലേക്ക് വീണുകിടക്കുന്ന മണ്ണ് നീക്കം ചെയ്തിട്ടില്ല. ശക്തമായ മഴപെയ്താൽ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചലുണ്ടാകും. പ്രതി ദിനം വലതും ചെറുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ തുരങ്കത്തിന് സമീപം റോഡിന്റെ ബലത്തിനായി ഒരുക്കിയ സംരക്ഷണഭിത്തിയെല്ലാം തകർന്ന നിലയിലാണ്. മണൽചാക്കുകൾ നിറച്ചാണ് കുതിരാൻ തുരങ്കം അവസാനിക്കുന്ന വഴുക്കുംപാറ ഭാഗത്ത് സംരക്ഷണഭിത്തി ഒരുക്കിയിരിക്കുന്നത്. ഇനി കാലവർഷം ആരംഭിച്ചാൽ ഇവയ്ക്ക് ദിവസങ്ങളുടെ ആയുസേ ഉണ്ടാവുകയുള്ളൂ.

വീതി കുറഞ്ഞ റോഡിന്റെ ഇരുവശവും മുപ്പത് അടിയോളം താഴ്ചയാണ്. തുരങ്ക നിർമ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്തതിനാൽ ഓരോ ഭാഗവും ഇടിഞ്ഞ് വരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിന് പുറമെയാണ് ഇരുമ്പ് പാലം മുതൽ വഴുക്കുംപാറ വരെയുള്ള ഒറ്റവരി പാതയിലെ മണ്ണിടിച്ചിൽ ഭീഷണി. കുതിരാനിൽ നിർമ്മിക്കുന്ന തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടുക എന്നതുമാത്രമാണ് പ്രശ്ന പരിഹാരം. പക്ഷേ, തുരങ്ക നിർമ്മാണം മാസങ്ങളായി നിലച്ചിരിക്കുകയാണ്. തുരങ്ക നിർമ്മാണം പുനരാരംഭിക്കണമെങ്കിൽ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം എന്നതും പ്രതിസന്ധി വർദ്ധിക്കുന്നു. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം.