ഒറ്റപ്പാലം: ഓട്ടോ ഡ്രൈവറായി ഉപജീവനം നടത്തുമ്പോഴും, ശിഹാബ് ഓങ്ങല്ലൂർ എന്ന 27 കാരന്റെ മനസ് സിനിമയുടെ ലോകത്തേക്കുള്ള വഴിതേടുകയായിരുന്നു. മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷനായ വള്ളുവനാട്ടിൽ ചിത്രീകരണം നടക്കുന്ന സെറ്റുകൾ ഓരോന്നിലും ഓട്ടോയുമായി ചെന്നു. അങ്ങനെ പരിചയപ്പെട്ട സുഹൃത്തുക്കളിലൂടെയാണ് സിനിമയെ അടുത്തറിഞ്ഞത്.
ഒടുവിൽ ചലചിത്ര ലോകത്തേക്ക് എത്തിച്ചേരാൻ സ്വന്തം ഓട്ടോ പണയപ്പെടുത്തി ഒരു കാമറ വാങ്ങി. പിന്നീട് ഇതുവരെ 50ലധികം ഹ്രസ്വചിത്രങ്ങളിൽ കാമറ ചലപ്പിച്ചു. ഇപ്പോൾ സ്വതന്ത്ര കാമറാമാനായി സിനിമയുടെ വലിയ ലോകത്താണ് ഈ യുവാവ്. ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ലവ് സീൻ എന്ന സിനിമയുടെ ഛായാഗ്രാഹകനാണ് ശിഹാബ്. ഡാ തടിയാ, ഹണീബി 2 എന്നീ സിനിമകളിൽ മേക്കപ്പ് ആർട്ടിസ്റ്റായും ഈ യുവ സിനിമാ പ്രേമി ജോലി ചെയ്തു.
പട്ടാമ്പി ഓങ്ങല്ലൂർ പാറക്കൽ വീട്ടിൽ മുഹമ്മദിന്റെയും, സുഹറയുടെയും മകനാണ് ശിഹാബ് ചിത്രീകരണ സെറ്റിൽവച്ച് പരിചയപ്പെട്ട സിനിമാക്കാരിലൂടെയാണ് കാമറയും, എഡിറ്റിംഗും, മേക്കപ്പും അങ്ങിനെ സിനിമയുടെ അണിയറ സാങ്കേതിക സംവിധാനങ്ങളെല്ലാം ശിഹാബ് വശത്താക്കിയത്. ഒടുവിൽ, ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പിൻബലമില്ലാതെ ആരുടെയും സഹായിയായി നിൽക്കാതെ സിനിമയുടെ ലോകത്ത് കാമറാമാനായി കടന്നുചെന്നു. ഇപ്പോൾ കന്നട സിനിമയിലേക്കുള്ള ക്ഷണം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരൻ.
ഷോർട്ട് ഫിലിമുകൾ തനിക്ക് ഒട്ടേറെ അറിവും അനുഭവങ്ങളും സമ്മാനിച്ചു. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സിനിമയുടെ സാങ്കേതിക മാറ്റങ്ങളെ നന്നായി നിരീക്ഷിച്ച് പഠിച്ചശേഷമാണ് സ്വതന്ത്ര കാമറാമാനായതെന്ന് ശിഹാബ് പറയുന്നു. ഞാൻ ജീവിക്കുന്ന ഈ മണ്ണിനെയും അതിന്റെ കാഴ്ചകളെയും കാമറയിലൂടെ മലയാളത്തിന്റെ അഭ്രപാളിയിലേക്ക് പകർത്താൻ കഴിയുന്നത് സുന്ദരവും, സുകൃതവുമാണെന്നും മലയാള സിനിമയിലെ യുവ പ്രതീക്ഷയായ ശിഹാബ് പറയുന്നു.