പട്ടാമ്പി: ഭിന്നശേഷിക്കാരനായ ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ യുവതിയെ വീട്ടുകാർ തടങ്കലിലാക്കിയതായി പരാതി. പട്ടാമ്പി കാരത്തൂർ സ്വദേശി ഷാജിയുടെ ഭാര്യയെയാണ് യുവതിയുടെ വീട്ടുകാർ തടങ്കലിലാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയെങ്കിലും നീതി കിട്ടാത്തതിനാൽ ഇന്നലെ ഷാജി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു.

കഴിഞ്ഞ മെയ് 2നാണ് ഷാജി മലപ്പുറം പാങ്ങ് സ്വദേശിനിയായ യുവതിയെ പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽവച്ച് വിവാഹം ചെയ്തത്. പിറ്റേന്ന് യുവതിയുടെ കുടുംബം ഷാജിയുടെ വീട് ആക്രമിച്ചു. തുടർന്നും ആക്രമണമുണ്ടാവുമെന്ന് കരുതി ഷാജിയും ഭാര്യയും കൊല്ലത്തുള്ള ബന്ധുവീട്ടിലേക്ക് മാറി. പിന്നീട് ഗൾഫിൽ ജോലിയുള്ള പെൺകുട്ടിയുടെ പിതാവ് നാട്ടിലെത്തുകയും ഒത്തുതീർപ്പ് ചർച്ചക്കെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. കൂടികാഴ്ചക്ക് ശേഷം യുവതിയുടെ അച്ഛൻ ആഭരണങ്ങളെല്ലാം ഊരിവാങ്ങി ഷാജിക്കൊപ്പം വിടുകയായിരുന്നു. ഇരുവരും വീട്ടിലേക്ക് പോകുന്നതിനിടെ വാഹനം തടഞ്ഞുനിർത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. ഇവർ ആയുധങ്ങൾ കാട്ടി ഭീക്ഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഷാജി പറയുന്നു.
മെയ് മൂന്നിന് ഷാജിയുടെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു. ഭാര്യയെ വീട്ടുകാർ തടങ്കലിൽ വെച്ചിരിക്കുകയയാണെന്ന് പറഞ്ഞ് നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവം വിവാദമായതോടെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ശൈലജ, വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ എന്നിവർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിക്കുള്ളിൽ യുവതിയെ ഷൊർണൂർ ഡിവൈ.എസ്.പി ഓഫീസിൽ ഹാജരാക്കാൻ നിർദ്ദേശം നൽകിയതായാണ് വിവരം.