ചിറ്റൂർ: ചിറ്റൂരിൽ യൂത്ത് കോൺഗ്രസുകാർ തമ്മിൽ കയ്യാങ്കളി. ചിറ്റൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിൽ ചേർന്ന യൂത്ത് കോൺഗ്രസ് നേതൃയോഗത്തിലാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് കൈയ്യാങ്കളിനടത്തിയത്.
യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നടത്തിയ സാമ്പത്തിക ക്രമകേടിനെ ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. കഴിഞ്ഞ വർഷം അഹല്യ കാമ്പസിൽവെച്ച് നടന്ന യൂത്ത് കോൺഗ്രസ് നേതൃത്വ പരിശീലന ക്യാമ്പിനായി വലിയ തോതിൽ പണപിരിവ് നടത്തിയതായി അന്നുതന്നെ പരാതി ഉയർന്നിരുന്നു. അതിനു ശേഷം ഒരു വർഷം പുർത്തിയായിട്ടും സാമ്പത്തിക കണക്കുകൾ പ്രസിഡന്റ് ബോധിപ്പിക്കാത്തതാണ് വാക്കുതർക്കത്തിന് ഇടയാക്കിയത്. കൈയ്യാങ്കളി ആരംഭിച്ചതോടെ കോൺഗ്രസ് നേതൃത്വം ഇടപ്പെട്ടാണ് പ്രശ്‌നം അവസാനിപ്പിച്ചത്. യുത്ത് കോൺഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറിമാരുൾപ്പെടെ 25 ഓളം പേർ പങ്കെടുത്തിരുന്നു. അഹല്യ കാമ്പസിൽ നേതൃത്വ പരിശീലന ക്യാമ്പിൽ ആർ എസ് എസ് പ്രവർത്തകനെ ക്ലാസെടുക്കാൻ പ്രസിഡന്റ് ക്ഷണിച്ചു വരുത്തിയതും വലിയ വിവാദമായിരുന്നു.