bus
നല്ലേപ്പിള്ളിയിൽ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞപ്പോൾ

ചിറ്റൂർ: നല്ലേപ്പിള്ളിയിൽ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞ് മൂന്ന് കുട്ടികൾ ഉൾപ്പെടെ 21 പേർക്ക് പരിക്ക്. തിങ്കളാഴ്ച പുലർച്ചെ 3.45ഓടെ നല്ലേപ്പിള്ളി മാട്ടുമന്തയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. ബംഗളൂരുവിൽ നിന്ന് കൊട്ടാരക്കരക്ക് പോവുകയായിരുന്ന അറ്റ്ലസ് ബസാണ് നിയന്ത്രണംവിട്ട് പാടത്തേക്ക് തലകീഴായി മറിഞ്ഞത്.

പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. 34 യാത്രക്കാരും നാല് ജീവനക്കാരും വാഹനത്തിലുണ്ടായിരുന്നു. ചങ്ങനാശ്ശേരി സ്വദേശി ബിജു ആന്റണി (46), ചെങ്ങന്നൂർ റിജുജേക്കബ് സാമുവൽ (22), ആലപ്പുഴ പൊന്നമ്മ (59), തിരുവല്ല ഡോ. പ്രിയങ്ക (32), ഗുരുവായൂർ വിമൽ (23), മലപ്പുറം മുഹമ്മദ് യാസിൻ (21), ഇടുക്കി മനു (22), ഇരിഞ്ഞാലി കുട ഷൈനി (28), കോട്ടയം ബിനോ (37), ബിപിൻ, ഡ്രൈവർ കൊടുവായൂർ സ്വദേശി റിന്റോ (32) എന്നിവരെ പാലക്കാട് ജില്ലാശുപത്രിയിലും കൊല്ലം എബിൻ (20), കോട്ടയം നിഷ (33) ഇവരുടെ മക്കളായ റെയാൻ, റൂബൻ, അഗളി സ്വദേശി മത്തായികുട്ടി (57), മഞ്ചേരി ജിഷ്ണു (21), എടപ്പള്ളി ദിവ്യ (22), ചെങ്ങവനം സൂര്യ (26), ഹിമ,
ഡ്രൈവർ ജോൺസൺ എന്നിവരെ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലകീഴായി മറിഞ്ഞ വാഹനത്തിൽ നിന്ന് പൊലീസും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് മൂന്നുമണിക്കൂറോളം പ്രയത്‌നിച്ചാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. പട്രോളിംഗ് നടത്തുകയായിരുന്ന ചിറ്റൂർ പൊലീസിന്റെ വാഹനം സമീപത്തുണ്ടായിരുന്നതിനാൽ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞു. ക്രെയിൽ എത്തിച്ച് ബസിനെ പൊക്കി ആരും കുടുങ്ങിക്കിടക്കുന്നിലെന്ന് ഉറപ്പ് വരുത്തിയാണ് പൊലിസും, ഫയർഫോഴ്‌സും രാവിലെ 7.30 ഓടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്.

സാധാരണ പാലക്കാട് ഹൈവേ വഴി പോകുന്ന ബസ് ചിറ്റൂർ വഴിയുള്ള ചെറിയ പാതയിലൂടെ വന്നതിന്റെ കാരണം വ്യക്തമല്ലെന്നും വിശദ്ധമായി പരിശോധിക്കുമെന്നും ചിറ്റൂർ സി.ഐ രാജേഷ് കെ.മേനോൻ പറഞ്ഞു. കൊടുവായൂർ സ്വദേശിയായ ഡ്രൈവർക്ക് വീട്ടിലേക്ക് പോവുന്നതിനായാണ് ഈ വഴി വന്നതെന്നാണ് ബസ് ജീവനക്കാർ നൽകിയ മൊഴി. അപകടവിവരമറിഞ്ഞ് മന്ത്രി കെ.കൃഷ്ണൻകുട്ടി സ്ഥലം സന്ദർശിച്ചു.