മണ്ണാർക്കാട്: താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികളോട് വനിതാ ഡോക്ടർ മോശമായി പെരുമറുന്നതായും ചികിത്സ വൈകിപ്പിക്കുന്നതായും പരാതി. ആശുപത്രിയിലെ എൻ.ആർ.എച്ച്.എം പദ്ധതിയിൽ താത്കാലികമായി ജോലിചെയ്യുന്ന വനിതാ ഡോക്ടറെ കുറിച്ചാണ് രോഗികളും ബന്ധുക്കളും വ്യാപകമായി പരാതി പറയുന്നത്.
കഴിഞ്ഞ ദിവസം പകൽ മൂന്നിന് കഠിനമായ വയറുവേദനയുമായി എത്തിയ രോഗിക്ക് മണിക്കൂറുകൾക്ക് ശേഷമാണ് ചികിത്സ നൽകിയത്. രണ്ടുമണിക്കൂറോളം വൈകിയാണ് രോഗിക്ക് ചികിത്സ ലഭിച്ചത്. ഇത് രോഗിയുടെ ബന്ധുക്കളും ഡോക്ടറും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടർന്ന് പ്രതിഷേധക്കാർക്കെതിരെ ഡോക്ടർ ഡ്യൂട്ടി തടസപ്പെടുത്തിയെന്നാരോപിച്ചും കൈയേറ്റ ശ്രമത്തിനെതിരെയും പൊലീസിൽ പരാതി നൽകി. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. എൻ.എൻ.പമീലി പറഞ്ഞു.
മണ്ണാർക്കാട്ടെ മലയോര മേഖലയിൽ നിന്നുൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് സാധാരണക്കാരാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നത്. പക്ഷേ, കഴിഞ്ഞ കുറച്ചുകാലമായി പലപ്പോഴും രോഗികൾ ഡോക്ടറെ കാണാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണെന്നാണ് ആരോപണം. ഇതോടെ പല രോഗികളും നഗരത്തിലെ സ്വകാര്യ ആശുപത്രികളെ തേടിപ്പോകുന്ന അവസ്ഥവരെ ഉണ്ടാകുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.
സർക്കാരിന്റെ പുതിയ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കി മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയെക്കുറിച്ചാണ് ഈ പരാതികൾ. മഴക്കാലം അടുക്കുന്നതോടെ പകർച്ചവ്യാധികളുമായി ആയിരക്കണക്കിന് ആളുകൾ ആശുപത്രിയിൽ ചികിത്സതേടിയെത്തുമെന്നതിനാൽ പരാതികളിൽ അടിയന്തര നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരള എൻ.ജി.ഒ യൂണിയൻ പ്രാതിഷേധിച്ചു
താലൂക്ക് ആശുപത്രിയിലെ ജീവനക്കാരനെതിരെ താത്കാലിക വനിതാ ഡേക്ടർ കള്ളക്കേസ് നൽകിയതിൽ എൻ.ജി.ഒ യൂണിയൻ മണ്ണാർക്കാട് ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി.എ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. വ്യക്തിവൈരാഗ്യം തീർക്കാൻ ഒരുമിച്ചു ജോലിചെയ്യുന്നയാൾക്കെതിരെ സർവീസ് ചട്ടങ്ങൾ പാലിക്കാതെ പൊലീസിൽ പരാതിപ്പെട്ട ഡോക്ടറുടെ നടപടി ധിക്കാരപരമാണ്. .പ്രതിഷേധ പ്രകടനത്തിൽ ജിജു.എം.ജെ.ജി അധ്യക്ഷത വഹിച്ചു. ടി.പി.സന്ദീപ് സ്വാഗതവും, പി.ആർ.ചന്ദ്രൻ നന്ദിയും പറഞ്ഞു.