കൊല്ലങ്കോട്: മധുരയിലുണ്ടായ ബസ് അപകടത്തിൽ വിനോദ യാത്രക്കാരായ മൂന്ന് മലയാളികൾ മരിച്ചു. 56 പേർക്ക് പരിക്കേറ്റു. പതിനൊന്ന് പേരുടെ നില ഗുരുതരമാണ്. കരിപ്പോട് പേഴുംകാട് പരേതനായ വേലായുധന്റെ ഭാര്യ സരോജിനി (65), കണ്ണങ്കോട് പെരകംപാടം കിട്ടുവിന്റെ ഭാര്യ പെട്ട (65), സരോജിനിയുടെ വീട്ടിൽ വിരുന്നുവന്ന കുനിശ്ശേരി കുതിരപ്പാറ അപ്പുമണി - സിന്ധു ദമ്പതികളുടെ മകൾ നിഖില (എട്ട്) എന്നിവരാണ് മരിച്ചത്. മൂന്ന് പുരുഷന്മാരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ അറുപതോളം പേർ ബസിലുണ്ടായിരുന്നു.
തിങ്കളാഴ്ച രാത്രി 12.30ന് മധുര സാത്തൂരിലാണ് ബസ് മറിഞ്ഞത്. കൊല്ലങ്കോടുള്ള ടൂറിസ്റ്റ് ബസിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കൊടുവായൂർ പഞ്ചായത്തിലെ കണ്ണങ്കോട്, പേഴുംകാട്, എലന്തിപ്പാടം, പെരകംപാടം, വക്കോട് എന്നിവിടങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികൾ ആറ്റുകാൽ, തിരുവനന്തപുരം, കോവളം, കന്യാകുമാരി, മധുരൈ, പഴനി എന്നിവിടങ്ങളിലേക്ക് യാത്ര പുറപ്പെട്ടത്.
കന്യാകുമാരിയിൽ നിന്ന് മധുര മീനാക്ഷിക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ വിരുതുനഗർ സാത്തൂർ കോവിൽപ്പെട്ടി ചിന്നഓടപ്പെട്ടിയിലായിരുന്നു അപകടം. ഡിവൈഡറിൽ തട്ടി നിയന്ത്രണംവിട്ട ബസ് മൂന്നുവട്ടം മറിഞ്ഞതായി യാത്രക്കാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ മധുര ജില്ലാ ആശുപത്രിലും വിരുതുനഗർ താലൂക്ക് ആശുപത്രിയിലും പ്രഥമിക ചികിത്സ നൽകി. തുടർന്ന് കോയമ്പത്തൂർ, തൃശൂർ, പാലക്കാട് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റി. സാരമായി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പരിശോധിച്ചശേഷം വിട്ടു. സംഭവസ്ഥലം സന്ദർശിച്ച കെ. ബാബു എം.എൽ.എ ഇടപെട്ട് പോസ്റ്റ്മോർട്ടം വേഗത്തിലാക്കി ഇന്നലെ രാത്രി എട്ടോടെ മതദേഹങ്ങൾ പാലക്കാട്ടെത്തിച്ചു. സരോജിനിയുടെയും പെട്ടയുടെയും മൃതദേഹങ്ങൾ രാത്രിയോടെ സംസ്കരിച്ചു.
സരോജിനിക്ക് മക്കളില്ല. നിഖിലയുടെ സഹോദരങ്ങൾ : നിമ്മി, നിഖിൽ. മരിച്ച പെട്ടയുടെ മക്കൾ: ദേവി, സുരേഷ്, ഇന്ദിര. മരുമക്കൾ: നാരായണൻ, ഗീതു, ലക്ഷ്മണൻ.