പാലക്കാട്; ഭൂമാഫിയയെ സഹായിക്കുന്ന കളക്ടർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട്
പാറക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കളട്രേറ്റിലേക്ക് മാർച്ച് നടത്തി.

പാറക്കുളം തരം മാറ്റം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ച് അടിസ്ഥാന നികുതി രജിസ്ട്രറിൽ റിമാർക്‌സ് കോളത്തിൽ കുളം എന്നാക്കി മാറ്റുകയും ഫെയർ വാല്യു രജിസ്ട്രറിൽ 'വാട്ടർ ലോഗ്ഡ് ലാന്റ് ' എന്ന് ചേർത്ത് പുന:ക്രമികരിക്കേണ്ടതുമാണ് എന്ന് വ്യക്തമാക്കി ആർ.ഡി.ഒ കളക്ടർക്ക് റിപ്പോർട്ട് നല്കി 80 ദിവസം കഴിഞ്ഞിട്ടും ഇതുവരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. മുൻ മന്ത്രി വി.സി.കബീർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ അദ്ധ്യക്ഷയായി.

കുളം നികത്താൻ ഭൂമാഫിയ കുളത്തിൽ നിക്ഷേപിച്ച ഒരു പിടി മണ്ണു ശേഖരിച്ചാണ് ഓരോ കൗൺസിലർമാരും പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തത്. കുളം നികത്തപ്പെട്ടാൽ മഴവെള്ളത്തിന്റെ സ്വാഭാവിക ഉപരിതല ഒഴുക്കും അതോടൊപ്പം അടിയൊഴുക്കും തടസപ്പെടും. പ്രദേശത്തെ കിണറുകളിലേക്കുള്ള റീചാർജ് കുറഞ്ഞ് ഭാവിയിൽ വറ്റിപ്പോവും. മഴക്കാലത്ത് ഈ പ്രദേശമാകെ വെള്ളകെട്ടുണ്ടാകും. അതിനാൽ പാറക്കുളം നികത്തരുതെന്നും സ്വാഭാവിക സ്ഥിതിയിൽ നിലനിർത്തണമെന്നുമുള്ള ഭൂഗർഭ ജലവിഭാഗത്തിന്റെ പഠന റിപ്പോർട്ട് പുറത്തു വന്നിട്ടും ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ മൗനം പാലിക്കുന്നത് ദുരുഹമാണെന്നുമാണ് സമരക്കാരുടെ ആരോപണം.

നഗരസഭ കോൺഗ്രസ് പാർലമെന്റെറി പാർട്ടി ലീഡർ കെ.ഭവദാസ്, നഗരസഭ സി.പി.എം പാർലമെന്റെറി പാർട്ടി ലീഡർ കുമാരി, മുസ്ലീ ലീഗ് ലീഡർ ഹബീബ യൂസഫ്, എസ്.പി.അച്ചുതാനന്ദൻ ,സ്മിതേഷ്, ബോബൻ മാട്ടുമന്ത, മോഹൻ ബാബു, സുനിൽ, അബ്ദുൾ ഷുക്കൂർ ,എന്നിവർ സംസാരിച്ചു.