പട്ടാമ്പി:റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികളാരംഭിച്ചു. 2018 ൽ താലൂക്ക് വികസന സമിതിയിൽ ഉയർന്ന പരാതികളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് റവന്യൂ നടപടി.

പട്ടാമ്പി താലൂക്ക് ഓഫീസിലെ ഭൂരേഖ വിഭാഗത്തിന്റെ ആവശ്യപ്രകാരം കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. പലക്കാട് റോഡ് മുതൽ പട്ടാമ്പി ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗത്തെ കൈയ്യേറ്റങ്ങൾ കണ്ടെത്തുന്നതിനുള്ള സർവേയാണ് നടക്കുന്നത്. കൈയ്യേറ്റങ്ങൾ കണ്ടെത്തിയാൽ നോട്ടീസ് നൽകുമെന്നും അല്ലാത്ത പക്ഷം പൊളിച്ചു നീക്കുമെന്നും റവന്യൂ അധികൃതർ പറഞ്ഞു.
നഗരത്തിലെ റോഡിരികിലെ വ്യാപരസ്ഥാപനങ്ങളിൽ നിന്നും ഷീറ്റ് ഉപയോഗിച്ച് ഇറക്കികെട്ടുന്നത് കാരണം നടപ്പാതയിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. പലഭാഗത്തും അനധികൃതമായി പ്രവർത്തിക്കുന്ന ചെറിയ കച്ചവടങ്ങളുമുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഇവയും ഒഴിപ്പുക്കും. ഇതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷ.

ഭൂരേഖ തഹസിൽദാർ ജെറോം, ഡെപ്യൂട്ടി തഹസിൽദാർ കിഷോർ, ഡെപ്യൂട്ടി തഹസിൽദാർ ഗിരിജ ദേവി, വില്ലേജ് ഓഫിസർ ജീവനി മൈക്കിൾ, ഹെഡ് സർവയർ സുരേഷ്, സർവയർ അനിൽകുമാർ എന്നിവർ അടങ്ങുന്ന റവന്യു സ്‌ക്വാഡ് ആണ് പരിശോധന നടത്തുന്നത്‌.