പാലക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ഹരിതകേരളം' ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ നിർവഹിക്കും. പരിപാടിക്ക് മുന്നോടിയായി രാവിലെ 10ന് പരിസ്ഥിതി സന്ദേശറാലി സൈലന്റ് വാലി നാഷണൽ പാർക്ക് വാർഡൻ സാമുവൽ വല്ലംഗത്തെ പച്ചൗ ഫ്‌ളാഗ് ഓഫ് ചെയ്യും. സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചും വായു മലിനീകരണത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിന് 'ബീറ്റ് എയർ പൊല്യൂഷൻ' എന്ന പരിസ്ഥിതി സന്ദേശം ഉൾക്കൊണ്ടാണ് പരിപാടി നടത്തുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷയാകും. പട്ടാമ്പി നഗരസഭാ ചെയർമാൻ കെ.ബി.എസ് തങ്ങൾ പരിസ്ഥിതി സന്ദേശം നൽകും. പട്ടാമ്പി നഗരസഭാ കൗൺസിലർമാർ, വനംവകുപ്പ്‌സാമൂഹിക വനവത്ക്കരണ വിഭാഗം ഉദ്യോഗസ്ഥർ, സ്‌കൂൾ അധ്യാപകർ, വിദ്യാർഥികൾ പങ്കെടുക്കും
502250 തൈകൾ തയ്യാർ
ജില്ലയിൽ പരിസ്ഥിതി ദിനത്തിൽ നടുന്നതിനായി സാമൂഹ്യവനവത്ക്കരണവിഭാഗം 502250 തൈകൾ തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിലെ നഴ്‌സറികളിലായി തയ്യാറാക്കിയ തൈകൾ വിവിധ ഭാഗങ്ങളിലെത്തിച്ച് വിതരണം ചെയ്യും.