ചെർപ്പുളശേരി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തങ്ങൾക്കുനേരെ ബാലുവിന്റെ അച്ഛനും കുടുംബാംഗങ്ങളും ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കുളക്കാട് പൂന്തോട്ടം ആയുർവേദ ആശുപത്രി ഉടമകളായ ഡോ. രവീന്ദ്രനാഥും ഭാര്യ ലതയും പറഞ്ഞു. ആശുപത്രിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ ബാലുവിൽ നിന്ന് കടം വാങ്ങിയിരുന്നു. അത് തിരിച്ചുനൽകി. ഇടപാടുകൾ ബാങ്കുവഴിയായിരുന്നതിനാൽ രേഖകളുണ്ടെന്നും ഇരുവരും പറഞ്ഞു.
അപകടത്തിനുശേഷം 50 ദിവസത്തോളം ലക്ഷ്മിയുടെ കൂടെ സഹായത്തിന് ലതയുണ്ടായിരുന്നു. ബാലു ആശുപത്രിയിൽ ചികിത്സയ്ക്ക് വന്നതുമുതൽ നല്ല ബന്ധമാണുണ്ടായിരുന്നത്. ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നു. ആശുപത്രിയിൽ ബാലുവിന് നിക്ഷേപമില്ല.
സ്വർണക്കടത്തിൽ പ്രതിയായ പ്രകാശ് തമ്പിയുമായി നേരിട്ട് പരിചയമില്ല. ബാലു വഴിയുള്ള പരിചയം മാത്രമാണുള്ളത്. തന്റെ ജിം പരിശീലകനെന്ന നിലയിലാണ് അയാളെ പരിചയപ്പെടുത്തിയത്. പ്രകാശ് തമ്പിയുടെ മറ്റു ഇടപാടുകളെക്കുറിച്ച് ബാലുവിന് അറിവുണ്ടായിരുന്നില്ല. ബാലുവാണ് തങ്ങളുടെ ബന്ധുവായ അർജുനെ ഡ്രൈവറായി നിശ്ചയിച്ചത്. അർജുന്റെ പേരിലുണ്ടായിരുന്ന കേസുകളെപ്പറ്റി അറിയാമായിരുന്ന ബാലു അവനെ നന്നാക്കിയെടുക്കണമെന്ന് പറഞ്ഞാണ് കൂടെക്കൂട്ടിയത്. അപകടം നടന്ന ദിവസം ആരാണ് കാറോടിച്ചതെന്ന് അറിയില്ല.
ബാലു മരിച്ചശേഷം ചടങ്ങുകൾക്കെത്തിയപ്പോൾ ബന്ധുക്കളിൽ നിന്നു മോശമായ പെരുമാറ്റമുണ്ടായെങ്കിലും അന്നത് കാര്യമാക്കിയില്ല. ബാലുവിന്റെ ഭാര്യ ലക്ഷ്മിക്ക് തങ്ങളുമായുള്ള എല്ലാ കാര്യങ്ങളും അറിയാം. ഇപ്പോൾ ഉയരുന്ന ആരോപണങ്ങളിൽ വേദനയും ദുഃഖവുമുണ്ട്. ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും സത്യം പുറത്തുവരേണ്ടത് തങ്ങളുടെ കൂടി ആവശ്യമാണെന്നും അവർ പറഞ്ഞു.