അഗളി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അഗളി പഞ്ചായത്ത് പ്രവേശനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.ബാബു കുട്ടികൾക്ക് വൃക്ഷതൈ നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ.പരമേശ്വരൻ അദ്ധ്യക്ഷനായി.
ഒരുവർഷം മുമ്പാണ് അഗളിയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സ്കൂൾ ആരംഭിച്ചത്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുട്ടികളെ സ്‌കൂളിൽ എത്തിക്കുകയും തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്യുന്നതോടൊപ്പം പഞ്ചായത്ത് ചെലവിൽ തന്നെ പോഷകാഹാരവും നൽകുന്നുണ്ട്. എം.ബി.രാജേഷ് എം.പിയായിരുന്ന കാലത്ത് അനുവദിച്ച 5 ലക്ഷം രൂപ ചെലവഴിച്ച് ഇവിടെ ശീതികരിച്ച സെൻസറിംഗ് മുറിയും നിർമ്മിച്ചിരുന്നു. കൂടാതെ സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, കുട്ടികളുടെ മാനസിക വളർച്ചയ്ക്ക് ആവശ്യമായ പരിശീലനവും നൽകുന്നുണ്ട്. ജില്ലാ പഞ്ചായത്തംഗം സി.രാധാകൃഷ്ണൻ, ഹാഷിത, രാജശ്രീ എന്നിവർ സംസാരിച്ചു.