പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'എറൈസ്' തൊഴിൽമേളയിലൂടെ 52 പേർക്ക് നിയമനം. സംസ്ഥാനത്ത് പ്രളയക്കെടുതികൾ മൂലം ഉപജീവന മാർഗങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വരുമാന മാർഗങ്ങൾ കണ്ടെത്തിക്കൊടുക്കുന്നതിനായാണ് ഇത്തരത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചത്. ഇലക്‌ട്രോണിക് റിപ്പയറിംഗ്, ഇലക്ട്രിക്കൽ വർക്ക് എന്നീ മേഖലകളിലാണ് 52 പേർക്ക് നിയമനം ലഭിച്ചത്. ഡാറ്റാ എൻട്രി, പ്ലംബിംഗ്, ഇലക്‌ട്രോണിക് റിപ്പയറിംഗ്, ഇലക്ട്രിക്കൽ ജോലികൾ, കൃഷി അനുബന്ധ ജോലികൾ, ലോൺട്രി ആൻഡ് അയണിംഗ്, സെയിൽസ്, ഹൗസ് കീപ്പിംഗ്, ഡേ കെയർ എന്നിങ്ങനെ പത്തോളം മേഖലകളിലാണ് 'എറൈസ്' പരിശീലനം നൽകിയത്. തൊഴിൽദാതാക്കളായ ആറ് കമ്പനികൾ മേളയിൽ പങ്കെടുത്തു.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സെയ്തലവി സംസാരിച്ചു. എറൈസ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഇലക്‌ട്രോണിക് റിപ്പയറിംഗ്, ഇലക്ട്രിക്കൽ വർക്ക്, പ്ലംബിംഗ്, അഗ്രികൾച്ചർ മേഖലകളിൽ മൾട്ടി ടാസ്‌കിംഗ് ടീം രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ എം.ദിനേഷ് പറഞ്ഞു. ജില്ലാ പ്രോഗ്രം മാനേജർ ശ്രീനിഷ് ഏജൻസി പ്രതിനിധികളായ സതീഷ്, സദാനന്ദൻ എന്നിവർ സംസാരിച്ചു.