വടക്കഞ്ചേരി: വന്യമൃഗശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കണമെന്ന് സി.പി.എം വടക്കഞ്ചേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വടക്കഞ്ചേരി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കണച്ചി പരുതയിലെ രജനീഷിന്റെ തോട്ടത്തിൽ കാട്ടാനയിറങ്ങി നാലായിരത്തോളം വാഴകളാണ് നശിപ്പിച്ചത്.
പീച്ചി റിസർവ്വ് ഫോറസ്റ്റിൽ നിന്നും ആറോളം വരുന്ന ആനക്കൂട്ടമാണ് ഇവിടെ നാശനഷ്ടങ്ങൾ വരുത്തുന്നത്. പ്രശ്‌നത്തിന് അടിയന്തര പരിഹാരമെന്നോണം കെ.ഡി.പ്രസേനൻ എം.എൽ.എ ഇടപെട്ട് രജനീഷിന്റെ തോട്ടത്തിൽ രണ്ട് എലിഫന്റ് റിഫലന്റ് സ്ഥാപിക്കുകയും വനാർത്ഥിയിൽ 15 കലോമീറ്റർ ദൂരത്തിൽ സൗരോർജ വേലി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരത്ത് സൗരോർജ വേലിയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ള പ്രദേശത്ത് വേലി സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങൾ നീക്കി ഉടൻ സൗരോർജ വേലി സ്ഥാപിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകണം. കാട്ടാനയ്ക്ക് പുറമെ പാലക്കുഴി, ഓടംതോട്, പോത്ത്ചാടി, കരിങ്കയം, കടപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കടുവ, പുലി, കാട്ടുപന്നി, കുരങ്ങ്, മയിൽ തുടങ്ങിയവ ഇറങ്ങി വ്യാപകമായ കൃഷിനാശം ഉണ്ടാക്കിയിട്ടുണ്ട്. കിഴക്കഞ്ചേരി മലയോര മേഖലയിൽ വളർത്തുനായയെയും, ആട്, പശു തുടങ്ങിയ വളർത്തുമൃഗങ്ങളെയും പുലിയും കടുവയും പിടിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകാണ്.
കഴിഞ്ഞ ദിവസം പാലക്കുഴി വിലങ്ങൻപാറയിൽ 150 കലോയോളം തൂക്കമുള്ള കാളയെ കടുവ പിടിച്ച് കൊല്ലുന്ന സാഹചര്യമുണ്ടായി. റബ്ബർ ടാപ്പിംഗ് നടത്തി ഉപജീവമാർഗം നടത്തുന്ന തൊഴിലാളികൾക്ക് ഇത്തരം കാട്ടുമൃഗങ്ങൾ വൻ ഭീഷണിയാവുകയാണ്. പുലർച്ചെ ടാപ്പിംഗ് പോകാൻ പോലും കഴിയാത്ത സാഹചര്യമുണ്ട്. ഇത്തരം വിഷയങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും, കൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ട പരിഹാരം നല്കണമെന്നും ആവശ്യപ്പെട്ട് കർഷകരെ അണിനിരത്തി കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ഡി.എഫ്.ഒ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി കെ.ബാലൻ പറഞ്ഞു.
കാട്ടാനകൂട്ടം നശിപ്പിച്ച കണച്ചിപരുത രജനീഷിന്റെ കൃഷിസ്ഥലങ്ങൾ സി.പി.എം നേതാക്കൾ സന്ദർശിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.ഗംഗാധരൻ, സി.കെ.നാരായണൻ, ജില്ലാ പഞ്ചായത്തംഗം എ.ടി.ഔസേഫ്, കെ.പി.സണ്ണി തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്.