പാലക്കാട്: ആദ്യ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അഞ്ചംഗ സംഘത്തെയും ആ നിമിഷംമുതൽ മരണം പിന്തുടർന്നിട്ടുണ്ടാവണം. അതുകൊണ്ടാവും അമ്പതടി കൊക്കയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സംഘം മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.ശനിയാഴ്ച നെല്ലിയാമ്പതിയിൽ വിനോദയാത്രയ്ക്കായി എത്തിയ അഞ്ചംഗ സംഘത്തിന്റെ കാർ ഇന്നലെ രാവിലെ ഒമ്പതോടെയാണ് മരപ്പാലത്തിന് സമീപത്തെ കൊക്കയിലേക്ക് വീണത്. കാർ തലകീഴായി മറിഞ്ഞെങ്കിലും ആർക്കും കാര്യമായ പരിക്കുകളുണ്ടായിരുന്നില്ല.
ഓങ്ങല്ലൂർ വാടാനാംകുറിശ്ശി വെളുത്തേരിയിൽ ഹുസൈനാരുടെ മകൻ സുബൈർ, സഹോദരൻ നാസർ, വെളുത്തേരിയിൽ ബഷീർ മകൻ ഫവാസ്, വെട്ടിക്കാട്ടിൽ മന്ദിയിൽ വീട്ടിൽ യൂസഫ് മകൻ ഉമ്മർഫറൂഖ്, സഹോദരന്‍ ഷാഫി എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ട് കെ.എസ്.ആർ.ടി.സി ബസിൽ കയറി നെന്മാറയിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തി. കൈകാലുകൾക്ക് പൊട്ടലുണ്ടോ എന്നറിയാൻ സ്കാനിംഗിനായി ഇവരെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഞായറാഴ്ചയായതിനാൽ ആംബുലൻസുകളുടെ സേവനം ലഭ്യമായിരുന്നില്ല. അതിനാൽ അല്പം കാത്തിരിക്കേണ്ടി വന്നു. ആ കാത്തിരിപ്പ് മരണത്തിലേക്കുള്ളതായിരുന്നു.
അമിതമായി മദ്ധ്യപിച്ചതിനെ തുടർന്ന് അവശനിലയിലായ അയിലൂർ തലവെട്ടാമ്പാറ പുഴയ്ക്കൽ വീട്ടിലെ രവിയുടെ മകൻ നിഖിലിനെ ഉച്ചയ്ക്ക് ഒന്നോടെയാണ് ബന്ധുക്കളും അയൽവാസികളുമായ വൈശാഖും ശിവനും ചേർന്ന് ആംബുലൻസിൽ നെന്മാറ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നിഖിലിനെയും ജില്ലാ ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്യുകയായിരുന്നു. ഈ സമയം വാഹനം കാത്തിരിക്കുകയായിരുന്ന സുബൈറും കൂട്ടരും നിഖിലിന്റെ ആംബുലൻസിൽ കയറി യാത്ര തുടർന്നു. മണിക്കൂറുകൾക്കകം വിധി മീൻലോറിയുടെ രൂപത്തിലെത്തി ഡ്രൈവർ സുധീറിന്റെതടക്കം എട്ടുപേരുടെയും ജീവനെടുത്തു.