accident

പാലക്കാട്:രണ്ട് സംഭവങ്ങളിലായി ചികിത്സതേടിയവരെയുംകൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് പോയ ആംബുലൻസ് മീൻലോറിയുമായി കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ അടക്കം എട്ടുപേർ മരണമടഞ്ഞു. നാലുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരെല്ലാം ആംബുലൻസിലുണ്ടായിരുന്നവരാണ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പാലക്കാട്‌ - കൊടുവായൂർ റൂട്ടിൽ തണ്ണിശ്ശേരി പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.

മദ്യപിച്ചു ലക്കുകെട്ട ഒരാൾ ഉൾപ്പെടെ, നെന്മാറ സ്വദേശികളായ നാല് പേരും നെല്ലിയാമ്പതി കാണാനെത്തി അപകടത്തിൽപ്പെട്ട പട്ടാമ്പി, വാടാനാംകുറിശി സ്വദേശികളായ നാലുപേരുമാണ് മരിച്ചത്. ഡ്രൈവർ നെന്മാറ ചേറുങ്ങാട് നിലാവർണീസയുടെ മകൻ സുധീർ (30), നെന്മാറ അയിലൂർ സ്വദേശികളായ തലവെട്ടാമ്പാറ ശിവദാസന്റെ മകൻ വൈശാഖ് (25), രവിയുടെ മകൻ നിഖിൽ (25), അയിലൂർ തോണിപ്പാടം കുട്ടന്റെ മകൻ ശിവൻ (52), വാടാനാംകുറിശി വെളുത്തേരിയിൽ ഹസൈനാരുടെ മകൻ സുബൈർ (38), സഹോദരൻ നാസർ (45), വെളുത്തേരിയിൽ ബഷീറിന്റെ മകൻ ഫവാസ്(17), വെട്ടിക്കാട്ടിൽ യൂസഫിന്റെ മകൻ ഉമ്മർ ഫറൂഖ്(20) എന്നിവരാണ് മരിച്ചത്. ഉമ്മർ ഫറൂഖിന്റെ സഹോദരൻ ഷാഫി (13)ആണ് ഗുരുതരാവസ്ഥയിൽ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ലോറിയിലുണ്ടായിരുന്ന മലപ്പുറം കുറ്റിപ്പുറം സ്വദേശി അബ്ദുൾ ഹുറൈർ (29), പൊന്നാനി സ്വദേശി ഫൈസൽ (45), പാലക്കാട് പുതുനഗരം സ്വദേശി സെയ്ത് ഇബ്രാഹിം (40) എന്നിവരെയും പരിക്കുകളോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടിയ നെന്മാറ അയിലൂർ, വാടാനാംകുറിശി സംഘങ്ങൾ ഒരേ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് പോവുയായിരുന്നു. കൊടുവായൂർ തണ്ണിശേരിക്കു സമീപം ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസ് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണമായും തകർന്നു. പാലക്കാടുനിന്നെത്തിയ ഫയർഫോഴ്‌സ് സംഘം വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. കോയമ്പത്തൂരിൽ നിന്ന് പുതുനഗരത്തേക്ക് മീൻ കൊണ്ടുവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

കാർ മറിഞ്ഞത് 50 അടി കൊക്കയിലേക്ക്

മദ്യപിച്ച് അവശനിലയിലായ അയിലൂർ സ്വദേശി നിഖിലിനെയാണ് നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ നിന്ന് ആദ്യം ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്‌തത്. നിഖിലിനൊപ്പം വന്നതാണ് വൈശാഖും ശിവനും.
ശനിയാഴ്ച നെല്ലിയാമ്പതിയിൽ വിനോദയാത്രയ്‌ക്കെത്തിയ വാടാനാംകുറിശി സംഘം രാവിലെ മരപ്പാലത്തിന് സമീപം കാർ 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടത്തിൽപ്പെട്ടത്. ആർക്കും ഗുരുതര പരിക്കുണ്ടായിരുന്നില്ല. നെല്ലിയാമ്പതിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് ഇവർ നെന്മാറ ആശുപത്രിയിലെത്തിയത്. ഇവരെ സ്‌കാനിംഗിനായി ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. മറ്റ് ആംബുലൻസുകൾ ഇല്ലാതിരുന്നതിനാൽ രണ്ട് സംഘങ്ങളും ഒരേ ആംബുലൻസിൽ കയറുകയായിരുന്നു.

മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി രാത്രിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. ടൗൺ സൗത്ത് പൊലീസ് കേസെടുത്തു.