കണ്ണാടി: ആംബുലൻസും മീൻലോറിയും കൂട്ടിയിടിച്ച് എട്ടുപേരുടെ മരണത്തിനിടയാക്കിയ തണ്ണിശ്ശേരിയിൽ അപകടങ്ങൾക്ക് കുറവില്ല. കുത്തനെയുള്ള വളവും ഇറക്കവുമാണ് ഇവിടെ അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നത്.

തണ്ണിശ്ശേരിയിൽ നിന്ന് കിണാശ്ശേരി വരെയുള്ള ദൂരത്ത് ആറോളം കൊടുംവളവുകളാണുള്ളത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ വിവിധ അപകടങ്ങളിലായി 11പേരുടെ ജീവനുകളാണ് ഈ റൂട്ടിൽ പൊലിഞ്ഞത്. നാട്ടുകാർ പരാതിപ്പെട്ടിട്ടും അപകട ഭീഷണി ഒഴിവാക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് ആക്ഷേപം. ഇവിടെ പ്രവർത്തിക്കുന്ന പെട്രോൾപമ്പിലേക്ക് പെട്ടെന്ന് വാഹനങ്ങൾ തിരിയുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. സിഗ്‌നൽ ലൈറ്റ് സംവിധാനം സ്ഥാപിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തോടും അധികൃതർക്ക് അവഗണനയാണ്.

ആനപ്പുറം ജംഗഷന് സമീപം പനകളും റോഡിലേക്ക് തള്ളിനിൽക്കുന്ന അവസ്ഥയുണ്ട്. കുത്തനെയുള്ള ഇറക്കവും വളവും മഴക്കാലത്ത് കൂടുതൽഭീഷണി ഉയർത്തും. ഇന്നലെ നെന്മാറയിൽ നിന്നുവന്ന ആംബുലൻസ് പഴയ തണ്ണിശ്ശേരി പോസ്‌റ്റോഫീസിന് സമീപംവച്ച് പൊടുന്നനെ ബ്രൈക്കിട്ടെങ്കിലും എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുന്നിലിരുന്ന ഡ്രൈവർ സുധീറടക്കം മൂന്നുപേർ തൽക്ഷണം മരിച്ചു. സമീപവാസികൾ ഓടിക്കൂടിയാണ് വിവിധ വാഹനങ്ങളിലായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഇവിടത്തെ അപകട ഭീഷണി ഒഴിവാക്കുന്നതിന് പൊതുമരാമത്ത് വകുപ്പും പൊലീസും ശ്രദ്ധിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.