പാലക്കാട്: ഞായറാഴ്ചയുടെ ആലസ്യത്തിൽ പകൽ പകുതിയും തള്ളിനീക്കിയ പാലക്കാടിനെ കാത്തിരുന്നത് വലിയൊരു ദുരന്തമായിരുന്നു. എട്ടുപേരുടെ മരണത്തിനിടയാക്കിയ ഈ വർഷത്തെ ഏറ്റവും വലിയ വാഹനാപകടം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ ദുരന്തത്തിന് പാലക്കാട് സാക്ഷിയായത്.
പാലക്കാട് - കൊടുവായൂർ റൂട്ടിൽ തണ്ണിശ്ശേരിക്ക് സമീപം രോഗികളുമായി വന്ന ആംബുലൻസും മീൻലോറിയും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു. ഡ്രൈവർ ഉൾപ്പെടെ ആംബുലൻസിലുണ്ടായിരുന്ന ഒമ്പതുപേരിൽ എട്ടുപേരും മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. അപകടവിവരം അറിഞ്ഞതോടെ സംഭവസ്ഥലത്തേക്ക് നൂറുകണക്കിന് ആളുകൾ പാഞ്ഞെത്തി. പരിക്കേറ്റവരെയും കൊണ്ട് നാട്ടുകാരും പൊലീസും ജില്ലാ ആശുപത്രിയിലേക്കും പാഞ്ഞു. ആദ്യ മണിക്കൂറിൽ മൂന്നു പേരുടെ മരണം സ്ഥിരീകരിച്ചു. പിന്നീട് രണ്ടു മണിക്കൂറുകൾക്ക് ശേഷം മരണ സംഖ്യ എട്ടായി ഉയരുകയായിരുന്നു. അതുവരെ വിജനമായിരുന്ന ജില്ലാ ആശുപത്രി പരിസരം പിന്നീട് ജനങ്ങളെകൊണ്ട് നിറഞ്ഞു. രാഷ്ട്രീയ നേതാക്കളും ആശുപത്രിയിലേക്ക് എത്തി. മരിച്ചവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതും ഏറെ ആശയക്കുഴപ്പത്തിന് വഴിയൊരുക്കി. ഒടുവിൽ ഒരോത്തരുടെയും ബന്ധുക്കളും നാട്ടുകാരും മോർച്ചറിയിൽ വന്ന് മൃതദേഹം തിരിച്ചറിഞ്ഞതോടെയാണ് അപകടത്തിന്റെ പൂർണ ചിത്രം തെളിഞ്ഞത്.
സംഭവം അറിഞ്ഞയുടൻ മുൻ എം.പി എം.ബി.രാജേഷ്, നിയുക്ത എം.പി വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, മുൻപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.കണ്ടമുത്തൻ, ജില്ലാ കളക്ടടർ ഡി.ബാലമുരളി, പാലക്കാട് ഡിവൈ.എസ്.പി ജി.ഡി വിജയകുമാർ, രാഷ്ട്രീയനേതാക്കളായ എൻ.ശിവരാജൻ, നിതിൻകണിച്ചേരി, സുമേഷ് അച്യുതൻ തുടങ്ങിയവർ എത്തിയിരുന്നു.