നെന്മാറ: സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പിൽ നിക്ഷേപിക്കുന്ന മലയാളി സംസ്‌കാരം മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന്, 'എന്റെ പാലക്കാട് 2025 ' സംവാദപരമ്പരയുടെ മൂന്നാം ദിനത്തിൽ പരിസ്ഥിതിയെ കുറിച്ചുള്ള സംവാദത്തിൽ പ്രശസ്ഥ എഴുത്തുകാരി അനിത നായർ അഭിപ്രായപ്പെട്ടു.
വിവാഹം പോലുള്ള പല ആഘോഷങ്ങളും കച്ചവടസംസ്‌ക്കാരത്തിന്റെയും ആർഭാടങ്ങളുടെയും പരിധി അതിക്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വളരെയധികം മാലിന്യങ്ങളും അതോടൊപ്പം കുമിഞ്ഞു കൂടികൊണ്ടിരിക്കുകയാണ്. ശാസ്ത്രീയ രീതിയിലുള്ള ഒരു മാലിന്യ സംസ്‌കരണ പദ്ധതി കൃത്യമായ രീതിയിൽ ജില്ലയിൽ നടക്കണമെന്നും ഭൂഗർഭ ജലസമ്പത്തു സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പരിസ്ഥിതി എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചയിൽ ഉയർന്നു വന്നു.
നെമ്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സിന്റെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന സംവാദ പരമ്പരയാണ് 'എന്റെ പാലക്കാട് 2025 '. മുതിർന്ന പത്രപ്രവർത്തകനായ ജയൻ ശിവപുരം മോഡറേറ്ററായ ചർച്ചയിൽ അനിത നായർക്കു പുറമെ കേരള നിയമസഭ പരിസ്ഥിതി കമ്മിറ്റി അംഗം കൂടിയായ കെ.ബാബു എംഎൽഎ , എഴുത്തുകാരനായ ആഷ മേനോൻ, ശുചിത്വ മിഷൻ അംഗം വൈ. കല്യാണകൃഷ്ണൻ, തൃശ്ശൂർ കോളേജ് ഓഫ് ഫോറസ്ട്രി ഡീൻ ഡോ. കെ വിദ്യാസാഗരൻ എന്നിവരും പാനലിസ്റ്റുകളായി ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. അവൈറ്റിസ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ശാന്തി പ്രമോദും ജ്യോതി പാലാട്ടും ചർച്ചയിൽ പങ്കെടുത്തവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
നെന്മാറ: അവൈറ്റിസ് 'എന്റെ പാലക്കാട് 2025 ' പരിസ്ഥിതി സംവാദത്തിൽ പങ്കെടുത്ത കെ ബാബു എം എൽ എ ക്ക് അവൈറ്റിസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജ്യോതി പാലാട്ട് ഉപഹാരം നൽകി ആദരിക്കുന്നു.