death
അയിലൂർ യൂണിയൻ ലൈബ്രറിയ്ക്ക് മുന്നിൽ പൊതുദർശനത്തിനു വച്ച നിഖിൽ, വൈശാഖ്, ശിവൻ എന്നിവരുടെ മൃതദേഹങ്ങൾ കാണാനെത്തിയ ജനക്കൂട്ടം

നെന്മാറ: തണ്ണിശ്ശേരിയിൽ അപടകത്തിൽ മരിച്ച നെന്മാറ സ്വദേശികളായ നാലുപേർക്കും ജന്മനാട് വിട നൽകി. ആംബുലൻസ് ഡ്രൈവർ നെന്മാറ അളുവാശേരി ചേറുങ്ങാട് സുധീർ (30), അയിലൂർ തലവെട്ടാംപാറ പുഴയ്ക്കൽ വീട്ടിൽ നിഖിൽ (25), ബന്ധുവായ വൈശാഖ് (25), തോണിപ്പാടം വീട്ടിൽ ശിവൻ (52) എന്നിവർക്കാണ് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നാട് വിട നൽകിയത്.

ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ആംബുലൻസ് ഡ്രൈവറായ സുധീറിന്റെ മൃതദേഹം ഞായറാഴ്ച രാത്രി 11ന് ചേറുങ്ങാട് വീട്ടിലെത്തിച്ചിരുന്നു. പൊതുദർശനത്തിന് ശേഷം രാവിലെ ഒമ്പതിന് ചാത്തമംഗലം ആറ്റുവായ് ജുമാ മസ്ജീദ് ഖബർസ്ഥാനിൽ സംസ്‌കരിച്ചു.

അയിലൂർ തലവെട്ടാംപാറ സ്വദേശികളുടെ മൃതദേഹം ഇന്നലെ രാവിലെ എട്ടരയോടെയാണ് വീട്ടിലെത്തിച്ചത്. നിഖിലിന്റെയും വൈശാഖിന്റെയും ശിവന്റെയും മൃതദേഹങ്ങൾ വീടുകളിൽ പൊതുദർശനത്തിന് വച്ച ശേഷം ആചാരപരമായ ചടങ്ങുകളോടെ അയിലൂർ യൂണിയൻ ലൈബ്രറിക്ക് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് മാറ്റി.

സുഹൃത്തുക്കളും ബന്ധുക്കളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഉൾപ്പെടെ വലിയ ജനാവലിയാണ് അന്തിമോപചാരമർപ്പിച്ചത്. രമ്യ ഹരിദാസ് എം.പി, മുൻ എം.പിമാരായ പി.കെ.ബിജു, വി.എസ്.വിജയരാഘവൻ, അനിൽ അക്കര എം.എൽ.എ, മുൻ എം.എൽ.എമാരായ വി.ചെന്താമരാക്ഷൻ, കെ.എ.ചന്ദ്രൻ, ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുമേഷ്, സി.പി.എം ഏരിയാ സെക്രട്ടറി കെ.രമാധരൻ, ബ്ലോക്ക് പ്രസിഡന്റ് പി.വി.രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സുകുമാരൻ, കെ.പ്രേമൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് മൃതദേഹങ്ങൾ നെന്മാറ വക്കാവ് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.