ഷൊർണൂർ: തണ്ണിശേരി വാഹനാപകടത്തിൽ മരിച്ച വാടാനാംകുറുശി സ്വദേശികളായ നാലുപേർക്കും നാട് കണ്ണീരോടെ വിട നൽകി. മഴ നനഞ്ഞ പ്രകൃതിയെ സാക്ഷിനിറുത്തി ആയിരങ്ങളാണ് ഇവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത്. ഉച്ചയ്ക്ക് 12നാണ് മരണമടഞ്ഞ നാസർ, ഹുസൈൻ, ഫവാസ്, ഉമ്മർ ഫാറൂഖ് എന്നിവരുടെ മൃതദേഹങ്ങൾ ജന്മനാടായ വാടാനാംകുറുശിയിൽ എത്തിച്ചത്. ഇതിൽ ഉമ്മർ ഫാറൂഖിന്റെ മൃതദേഹം ജന്മനാടായ ചെറുതുരുത്തി വെട്ടിക്കാട്ടിരിയിലേക്ക് കൊണ്ടുപോയി.
അപകടത്തിൽ മൂന്നുപേരെ നഷ്ടമായ വെളുത്തേരി അസൈനാരുടെ വീട്ടുമുറ്റത്താണ് സ്വന്തക്കാർക്കും ബന്ധുക്കൾക്കുമായി നാസർ, ഹുസൈൻ, ഫവാസ് എന്നിവരുടെ മൃതദേഹങ്ങൾ ആദ്യം കിടത്തിയത്. മതപരമായ ചടങ്ങുകൾക്കു ശേഷം മൃതദേഹം തൊട്ടടുത്ത വാടാനാംകുറുശി ഗവ. ഹൈസ്‌കൂൾ മൈതാനത്ത് നാട്ടുകാർക്കായി പൊതുദർശനത്തിന് വച്ചു. മഴയെ അവഗണിച്ച് സ്ത്രീകളടക്കം ആയിരങ്ങളാണ് യാത്രാമൊഴി നൽകാനെത്തിയത്. ഒന്നര മണിക്കൂറിലേറെ സമയം ഇതിനായി മാറ്റിവച്ചു.
ഉച്ചയ്ക്ക് രണ്ടോടെ ഓങ്ങല്ലൂർ പോക്കുപടി ജുമാമസ്ജിദിൽ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്‌കരിച്ചു. വി.കെ.ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ ഷാഫി പറമ്പിൽ, മുഹമ്മദ് മുഹ്സിൻ എന്നിവരടക്കം ജനപ്രതിനിധികളും, രാഷ്ട്രീയ സാംസ്കാരിക നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. പരേതരോടുള്ള ആദര സൂചകമായി വാടാനാംകുറുശി, കുളപ്പുള്ളി മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ ഉച്ചവരെ അടച്ചിട്ടു.
നെല്ലിയാമ്പതിക്ക് വിനോദയാത്രയ്ക്ക് പോയ സുഹൃത്തുക്കളും ബന്ധുക്കളുമായ സംഘത്തിലെ യുവാക്കൾ മരണത്തിന് കീഴടങ്ങിയതിന്റെ ഞെട്ടലിലാണ് നാട്.