നെന്മാറ: നെൽവയൽ നികത്തുന്നതിന് കർശന വിലക്കുള്ളപ്പോൾ നെല്ലുണക്കാനെന്ന പേരിൽ അയിലൂരിൽ ഇരുപ്പൂ പാടം നികത്തുന്നു. അയിലൂർ വില്ലേജിന് കീഴിലെ തിരുവഴിയാട് പുത്തൻകടവ് പാലത്തിന് സമീപമുള്ള കയ്പഞ്ചേരി തോണിപ്പാടം പാടശേഖരത്തിലെ നെൽവയലാണ് മണ്ണിട്ട് നികത്തുന്നത്.
ഈ ഭാഗത്ത് സ്വകാര്യ വ്യക്തി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുറച്ച് ഭാഗം മണ്ണിട്ട് നികത്തി നെല്ലുണക്കുന്നതിനായി സൗകര്യം ചെയ്തിരുന്നു. ഇപ്പോൾ ഇതിനോട് ചേർന്നുള്ള ഭാഗമാണ് വീണ്ടും നികത്തി തുടങ്ങിയത്.
കൊയ്‌തെടുത്ത നെല്ല് ഉണക്കുന്ന ആവശ്യത്തിനായി 2008ൽ ഹൈക്കോടതിയിൽ നിന്ന് ഭൂഉടമ കുറച്ച് സ്ഥലം നികത്തി സൗകര്യമൊരുക്കുന്നതിന് അനുമതി വാങ്ങിയിട്ടുണ്ട്. ഈ അനുമതിയുടെ മറവിലാണ് പാട്ടഭൂമിയുടെ അളവുകൂടി ഉൾപ്പെടുത്തി വീണ്ടും നികത്തുന്നതെന്ന് സമീപത്തെ കർഷകർ ആരോപിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.
മണ്ണിട്ട് നികത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സ്ഥലം പരിശോധന നടത്തി. പഴയ കോടതി ഉത്തരവിന്റെ മറവിൽ ഇപ്പോൾ നെൽവയൽ അനുമതിയില്ലാതെയാണ് നികത്തുന്നത്. ഇത് നിയമ ലംഘനമായതിനാൽ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്
അയിലൂർ വില്ലേജ് ഓഫീസർ