കൊല്ലങ്കോട്: മുതലമട പഞ്ചായത്തിൽ മാത്രം അഞ്ച് അണക്കെട്ടുകൾ ഉണ്ടായിട്ടും കുടിവെള്ള ക്ഷാമത്തിന് പരിഹാരമില്ല. മുതലമട പഞ്ചായത്തിലാണ് പറമ്പിക്കുളം, തൂണക്കടവ്, പരിവാരിപ്പള്ളം, മീങ്കര, ചുള്ളിയാർ എന്നീ ഡാമുകളാണ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നത്.
മീങ്കര ഡാമിലെ വെള്ളമാണ് കാർഷിക ആവശ്യത്തിന് പുറമേ കുടിവെള്ള പദ്ധതിക്കുമായി പ്രയോജനപ്പെടുത്തുന്നത്. മീങ്കര ഡാമിൽ നിന്ന് ഫിൽറ്റർ ചെയ്ത വെള്ളമാണ് വടവന്നൂർ, കൊല്ലങ്കോട്, എലവഞ്ചേരി, പല്ലശ്ശന, മുതലമട പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്.
മുതലമട പഞ്ചായത്തിലെ പള്ളം, നയ്ക്കൻചള്ള പ്രദേശങ്ങളിലേക്ക് കുടിവെള്ള പൈപ്പ് ലൈൻ ദീർഘിപ്പിക്കാത്തത് കാരണം ഇവിടെ ടാങ്കർ ലോറിയിൽ വിതരണം ചെയ്ത കുടിവെള്ളം ജൂൺ ഒന്നോടെ നിറുത്തലാക്കിയത് കുടിവെള്ള ക്ഷാമത്തിന് കാരണമായി. കൊല്ലങ്കോട് ടാങ്കിൽ നിന്നും വിതരണം ചെയ്യുന്ന കുടിവെള്ളം ചെങ്ങംപൊറ്റ, തോട്ടങ്കര, ആണ്ടികൊളുമ്പ് കോളനി, പൊന്നനാടി, അക്കരപാളയം എന്നിവിടങ്ങളിൽ എത്താത്തതും മറ്റു കുടിവെള്ള പദ്ധതികൾ മുടങ്ങി കിടക്കുന്നതും ഈ പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു.
ദിവസവും പൈപ്പിൻ ചുവട്ടിൽ കുടംവച്ച് കാത്തിരിക്കുകയല്ലാതെ ഒരു തുള്ളി വെള്ളം പോലും ലഭിക്കുന്നില്ലെന്നാണ് വീട്ടമ്മമ്മാരുടെ പരാതി. കൊല്ലങ്കോട് പഞ്ചായത്തിലെ നാലാം വാർഡായ ഈ പ്രദേശത്ത് കുടിവെള്ളം എത്തിക്കാൻ വാർഡംഗം ജാഗ്രത കാണിക്കുന്നില്ലെന്ന ആരോപണവും ഉണ്ട്.