ചെർപ്പുളശ്ശേരി: വല്ലപ്പുഴ - വാണിയംകുളം റോഡിന്റെ നവീകരണം പൂർത്തിയാകാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. കുറുവട്ടൂരിലെ പാപ്പിനിതോട് പാലത്തിന്റെയും ഓവുചാലുകളുടേയും നവീകരണം വൈകിയതാണ് പദ്ധതി നീണ്ടുപോകാൻ കാരണം. ഇതിനിടെ കാലവർഷമെത്തിയതോടെ ഇതിലൂടെയുള്ള യാത്രാ ദുസഹമായിരിക്കുകയാണ്.
പാലത്തിന്റെ പണികൾ പൂർത്തിയായെങ്കിലും ഓവുചാലുകൾക്കു മുകളിലൂടെ വാഹനങ്ങളെ കടത്തിവിടാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. ഇതുകാരണം പ്രദേശത്തെ പാടത്തു കൂടി സമാന്തര പാതയൊരുക്കിയാണ് നിലവിൽ വാഹനങ്ങൾ കടന്നുപോകുന്നത്. എന്നാൽ, മഴ തുടങ്ങി പാടത്ത് വെള്ളം കയറിയതോടെ വാഹനയാത്ര സാഹസികമായിരിക്കുകയാണ്. ചെളിയിലൂടെ വേണം യാത്രചെയ്യാൻ. വരുംദിവസങ്ങളിൽ മഴ കനത്താൽ യാത്ര പാതിവഴിയിൽ അവസാനിപ്പിക്കേണ്ട അവസ്ഥയാകുമെന്ന് യാത്രക്കാർ പറയുന്നു.
സ്വകാര്യ ബസുകളും വാണിയംകുളം ഒറ്റപ്പാലം എന്നിവിടങ്ങളിലെ ആശുപത്രിയിലേക്ക് രോഗികളുമായി ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി സർവീസ് നടത്തുന്നത്. കൂടാതെ കാൽ നടയായി നിരവധി വിദ്യാർത്ഥികളും ഇരുചക്രവാഹനത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധിയാളുകളും ഈ റോഡിലൂടെ യാത്ര ചെയ്യുന്നുണ്ട്.
പനയൂർ, മാമ്പറ്റപ്പടി എന്നിവിടങ്ങളിലും റോഡിന്റെ പണി ഇഴഞ്ഞു നീങ്ങുകയാണെന്ന് പരാതിയുണ്ട്. പൊതുമരാമത്തിന്റെ അധീനതയിലുള്ള റോഡ് ദേശീയപാതാ അതോറിട്ടി ഏറ്റെടുത്താണ് 10 കോടി രൂപ ചെലവിൽ നവീകരണം നടക്കുന്നത്. രണ്ടരമാസം മുമ്പ് ആരംഭിച്ച പദ്ധതി ഇതുവരെ പൂർത്തിയായിട്ടില്ല. മഴക്കാലമായതോടെ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അല്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങാനുള്ള നീക്കത്തിലാണ് നാട്ടുകാർ.