പാലക്കാട്: മലബാർ മേഖലയിൽ ഗാർഹിക പ്രസവങ്ങൾ വർദ്ധിക്കുന്നതായി സർക്കാരിന്റെ കണക്കുകൾ. 2017 -18 വർഷത്തിൽ സംസ്ഥാനത്ത് ആകെ 740 ഗാർഹിക പ്രസവം നടന്നതായാണ് ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ റിപ്പോർട്ട്. നൂറുകണക്കിന് ആശാ വർക്കർമാരും ജെ.പി.എച്ചുമാരും സേവനമനുഷ്ഠിക്കുന്ന ആദിവാസി മേഖലയിലാണ് ഉയർന്ന ഗാർഹിക പ്രസവ നിരക്ക്.
കഴിഞ്ഞ ദിവസം മണ്ണാർക്കാട് കുമരംപുത്തൂരിൽ ആദിവാസി യുവതി വീട്ടിൽ പ്രസവിച്ചതാണ് അവസാന സംഭവം. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് പുല്ലൂന്നി ഊരിലെ മണിയുടെ ഭാര്യ സുന്ദരിക്ക് (27) പ്രസവ വേദന വന്നത്. ഉടൻ ആംബുലൻസ് വിളിച്ചെങ്കിലും വാഹനമെത്തുന്നതിന് മുമ്പ് പ്രസവം നടന്നു. പ്രസവ സമയത്ത് യുവതിയുടെ അമ്മ വള്ളിയും ബന്ധുക്കളുമാണ് കൂടെയുണ്ടായിരുന്നത്. രാത്രി ഏഴോടെയാണ് മണ്ണാർക്കാട് നിന്ന് ആംബുലൻസെത്തി കുഞ്ഞിനെയും അമ്മയെയും താലൂക്കാശുപത്രിയിലേക്ക് മാറ്റിയത്.
മലപ്പുറം ജില്ലയിലാണ് 2017-18 കാലയളവിൽ കൂടുതൽ ഗാർഹിക പ്രസവം (215) നടന്നത്. വയനാട് രണ്ടാം സ്ഥാനത്താണ് (152). 66 പ്രസവങ്ങളോടെ പാലക്കാട് ലിസ്റ്റിൽ നാലാമതുണ്ട്. കണ്ണൂരിനാണ് മൂന്നാം സ്ഥാനം (75). കോട്ടയമാണ് ഏറ്റവും കുറവ് (അഞ്ച്). ആശുപത്രികളിലെത്തിയുള്ള പ്രസവം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ ബോധവത്കരണം നടക്കുമ്പോഴും ഈ കണക്കുകൾ ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു.
ഗതാഗത സൗകര്യമില്ലാത്തത് വില്ലനാകുന്നു
പാലക്കാട്, വയനാട് ജില്ലകളിലെ ആദിവാസി മേഖലകളിൽ ഗതാഗത സൗകര്യമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ തുടുക്കി, ഗളസി, മുരുഗള, കിണറ്റുകര, താഴെ ഭൂതയാർ, ഇടവാണി ഊരുകളിലേക്ക് എത്തിപ്പെടാൻ ഇപ്പോഴും മതിയായ റോഡ് സംവിധാനമില്ല. ഭവാനിപ്പുഴയുടെയും വരകാർപ്പള്ളം പുഴയുടെയും കരകളിലുള്ള ഊരുകളിൽ നിലവിൽ 12 ഓളം ഗർഭിണികളുണ്ട്. കാലവർഷം ആരംഭിച്ചാൽ ഊരുകൾ ഒറ്റപ്പെടും. പിന്നെ ആശുപത്രിയിലേക്കൊന്നും കൊണ്ടുപോകാൻ പറ്റില്ലെന്ന് ഊര് നിവാസികൾ പറയുന്നു. അടിയന്തരമായി ഒരു പാലം നിർമ്മിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.
ഗാർഹിക പ്രസവം
ജില്ല എണ്ണം
തിരുവനന്തപുരം- 26
കൊല്ലം- 33
പത്തനംതിട്ട- 18
ആലപ്പുഴ- 21
കോട്ടയം- 05
ഇടുക്കി- 60
എറണാകുളം- 26
തൃശൂർ- 09
പാലക്കാട്- 66
മലപ്പുറം- 215
കോഴിക്കോട്- 12
വയനാട്- 152
കണ്ണൂർ- 75
കാസർകോഡ്- 22