പാലക്കാട്: ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' സുവർണജൂബിലി നിറവിലേക്ക്. ഒ.വി.വിജയൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് ഇന്ന് തുടക്കമാകും. മലയാള നോവൽ സാഹിത്യത്തിൽ ഏറ്റവും ഉജ്ജ്വലമെന്ന് വിശേഷിപ്പിക്കാവുന്ന കൃതി അമ്പത് വർഷങ്ങൾക്ക് മുമ്പാണ് പ്രസിദ്ധീകരിച്ചത്. ഗ്രാമീണ കഥാപാത്രങ്ങളിലൂടെ കഥയും ആശയവും കാൽപ്പനികതയും സംവദിക്കുന്ന കഥാനുഭവത്തിന്റെ സുവർണജൂബിലി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പാലക്കാട്ടിലെ സാഹിത്യലോകം.
പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് മുൻ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി ഉദ്ഘാടനം ചെയ്യും. സ്മാരക സമിതി ചെയർമാൻ ടി.കെ.നാരായണദാസ് അദ്ധ്യക്ഷത വഹിക്കും. ജ്യോതിബായ് പരിയാടത്ത്, ആഷാ മേനോൻ, ടി.ആർ.അജയൻ, എം.ബി.രാജേഷ്, അഡ്വ. കെ.ശാന്തകുമാരി, ഡോ. കെ.പി.മോഹനൻ, പ്രൊഫ. വി.കാർത്തികേയൻ നായർ, രാജേഷ് മേനോൻ, മുണ്ടൂർ സേതുമാധവൻ, ടി.കെ.ശങ്കരനാരായണൻ, ഡോ.സി.പി.ചിത്രഭാനു രഘുനാഥൻ പറളി തുടങ്ങി നിരവധിപേർ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30ന് പ്രതിമാസ പ്രഭാഷണം നടക്കും. എം.ശിവകുമാർ 'ഖസാക്കിന്റെ ഇതിഹാസം' പാരായണം ചെയ്യും. തുടർന്ന് വിജയന്റെ കാലസങ്കല്പം എന്ന വിഷയത്തിൽ അംബികാ സൂതൻ മങ്ങാട് പ്രഭാഷണം നടത്തും.