പാലക്കാട്: നഗരത്തിലെ റോഡുകളിൽ പേരിനെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടായിരുന്ന സീബ്രാലൈനുകൾ മഴയെത്തിയതോടെ പൂർണമായും മാഞ്ഞ അവസ്ഥയിലാണ്. ഇതോടെ കാൽനടയാത്രക്കാർ തോന്നുംപടിയാണ് റോഡുമുറിച്ചു കടക്കുന്നത്. അത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികളെയും പ്രശ്നം ബാധിച്ചിട്ടുണ്ട്. മോയൻസ് സ്കൂൾ, പി.എം.ജി സ്കൂൾ, വിക്ടോറിയ കോളേജ്, ബി.ഇ.എം സ്കൂൾ, കാണിക്കമാതാ, സുൽത്താൻപേട്ട ജംഗ്ഷൻ, സിവിൽ സ്റ്റേഷൻ, കോട്ടമൈതാനം, ജില്ലാ ആശുപത്രി തുടങ്ങിയവയുടെ മുന്നിലെ സീബ്രാലൈനുകളെല്ലാം പൂർണമായി മാഞ്ഞു.
മോയൻസ് സ്‌കൂൾ ജംഗ്ഷനിൽ മാസങ്ങൾക്ക് മുമ്പ് വരച്ച ത്രീഡി സീബ്രാലൈനുകളാണ് മാഞ്ഞുതുടങ്ങിയിരിക്കുന്നത്. 4000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് മുന്നിൽ രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വലിയ തിരക്കാണ്. പൊലീസുണ്ടെങ്കിലും ലൈനുകൾ മാഞ്ഞത് കുട്ടികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സ്കൂളുകൾക്ക് മുന്നിൽ പൊലീസുകാരുടെ സേവനം ഇല്ലാത്ത സമയങ്ങളിൽ തോന്നിയ പോലെയാണ് വാഹനങ്ങൾ കടന്നുപോവുന്നത്. കൂടാതെ ടൗൺ ബസ് സ്റ്റാന്റിന്റെ ഇറക്കത്തിൽ രണ്ടു ഹമ്പുകളിൽ മുന്നറിയിപ്പ് മാർക്കുകൾ ഇല്ലാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്.
നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളായ റോബിൻസൺ റോഡും ജില്ലാ ആശുപത്രി പരിസരവും. സുൽത്താൻപേട്ടയിൽ നിന്ന് കോർട്ട് റോഡിലൂടെ വരുന്ന വാഹനങ്ങൾ എത്തുന്നതോടെ എപ്പോഴും ഗതാഗതകുരുക്കിലാണ്. ആശുപത്രിയിലേക്ക് വരുന്ന ആളുകൾ ഈ തിരക്കിനിടയിൽ റോഡ് മുറിച്ചു കടക്കാൻ ഏറെ പ്രയാസമനുഭവിക്കുന്നുണ്ട്.
-സീബ്രാലൈനുകൾ ഉടൻ വരയ്ക്കും
മഴ കുറഞ്ഞാൽ ഉടൻ സീബ്രാലൈനുകൾ വരയ്ക്കും. സ്കൂളുകൾക്കും ആശുപത്രിയ്ക്ക് മുന്നിലുമാണ് ആദ്യം ലൈനുകൾ വരയ്ക്കുക. പെട്ടെന്നു മാഞ്ഞുപോകാതിരിക്കാനായി നല്ലയിനം പെയിന്റ് ഉപയോഗിച്ചാണ് വരയ്ക്കുക. കൂടാതെ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ ജീവനക്കാർ പുറത്തു നിറുത്തുന്ന സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് പാലിക്കേണ്ട നിർദ്ദേശങ്ങളടങ്ങിയ നോട്ടീസ് ഉടൻ വിതരണം ചെയ്യും.
വിജയൻ, ട്രാഫിക് എസ്.ഐ പാലക്കാട്