വടക്കഞ്ചേരി: കിഴക്കഞ്ചേരി മലയോര മേഖയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം വടക്കഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറ ഡി.എഫ്.ഒ ഓഫീസലേക്ക് മാർച്ച് നടത്തി. കെ.ഡി.പ്രസേനൻ എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു. എം.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി.
മാസങ്ങളായി പീച്ചി റിസർവ് ഫോറസ്റ്റിന്റെയും നെന്മാറ ഡിവിഷന്റെയും അതിർത്തി പങ്കിടുന്ന മലയോര മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്.
കണച്ചിപരുത, പാലക്കുഴി, പനംകുറ്റി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടാന, പുലി, കടുവ എന്നിവയുടെ ആക്രമണം വ്യാപകമാണ്. കണച്ചിപരുത രജനീഷിന്റെ തോട്ടത്തിലെ 4000ത്തോളം വാഴകൾ കാട്ടാനയുടെ ആക്രമണത്തിൽ നശിച്ചു. ഇതിനെ തുടർന്ന് രജനീഷിന്റെ തോട്ടത്തിന് സമീപം എലിഫന്റ് റിഫലന്റ് സ്ഥാപിച്ചെങ്കിലും അവിടെയൊഴികെ മറ്റെല്ലാപ്രദേശത്തും ആനയിറങ്ങുന്നത് തുടരുകയാണ്. ആനയിറങ്ങുന്നത് തടയാൻ സോളാർ വേലിയുൾപ്പെടെ സ്ഥാപിക്കണമെന്നും, കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.
സി.പി.എം വടക്കഞ്ചേരി ഏരിയാ സെക്രട്ടറി കെ.ബാലൻ, കെ.രമാധരൻ, എസ്.രാധാകൃഷ്ണൻ, യു.അസീസ്, ശാലിനി കറുപ്പേഷ്, പി.എം.കലാധരൻ എന്നിവർ സംസാരിച്ചു.