നെല്ലിയാമ്പതി: കൂനംപാലം ഏലംപാടി സ്റ്റോർ പഴനിമലയുടെ ഭാര്യ രാജമ്മ (65)ന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മകൻ സുരേഷ്(35), രാജമ്മയുടെ സഹോദരൻ ആറുമുഖന്റെ മകൻ ചിന്നരാജ് (36) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ മെയ് 27നാണ് രാജമ്മ മരിച്ചത്. പിറ്റേന്ന് വീടിനു സമീപത്തു തന്നെ മറവു ചെയ്യുകയും ചെയ്തു. വാർദ്ധക്യകാല രോഗം പിടിപെട്ട് വീട്ടിൽ കഴിയുകയായിരുന്നു വൃദ്ധയായ രാജമ്മ. ഇവരുടെ മരണം സംബന്ധിച്ച തോട്ടം തൊഴിലാളികൾക്കിടയിൽ അന്നുതന്നെ അഭ്യൂഹം പരന്നിരുന്നു. തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് സ്വാഭാവികമരണമല്ല കൊലപാതകമാണെന്ന് കണ്ടെത്തിയത്.
രോഗിയായ രാജമ്മ കഴിഞ്ഞ വിഷുവിന് വീട്ടിൽ തെന്നിവീണ് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായി. ഭക്ഷണവും, വെള്ളവും ട്യൂബ് വഴിയാണ് നൽകിവരുന്നത്. ഇതിൽ മനംനൊന്താണ് മകനും, സഹോദര പുത്രനും ചേർന്ന് മൂക്കും, വായയും പൊത്തി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനു ശേഷം സ്വാഭാവിക രീതിയിൽ മറവു ചെയ്യുകയായിരുന്നു.
മറവു ചെയ്ത മൃതദേഹം റവന്യൂ ഡിവിഷണൽ ഓഫീസർ ആർ.രേണുവിന്റെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടത്തി. ഫോറൻസിക് അസി.സർജ്ജൻ ഡോ. ജെറി ജോസഫിന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തി അവിടെതന്നെ സംസ്‌കരിച്ചു.
ആലത്തൂർ ഡി.വൈ.എസ്.പി, രാധാകൃഷ്ണൻ, നെന്മാറ സി.ഐ., ടി.കെ.ഷൈജു, നെല്ലിയാമ്പതി എസ്.ഐ., പൈലോത്ത് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.