chali
ദേശീയപാത നവീകരണവും ജല അതോറിറ്റിയുടെ പൈപ്പിടലും മൂലം ചെളിനിറഞ്ഞ മണ്ണാർക്കാട് നഗരം.

മണ്ണാർക്കാട്: ദേശീയപാത നവീകരണവും ജല അതോറിട്ടിയുടെ പൈപ്പിടലും ഒപ്പം മഴയും എത്തിയതോടെ മണ്ണാർക്കാട് നഗരം ചെളികുളമായി. കോടതിപ്പടി മുതൽ പള്ളിപ്പടി വരെയുള്ള ഭാഗങ്ങളിലാണ് ദുരിതമേറെയും.
പൈപ്പിടൽ പ്രവർത്തനവുമായി ബന്ധപ്പെട്ട് റോഡിന്റെ വശങ്ങളിൽ നിക്ഷേപിക്കുന്ന മണ്ണ് മഴപെയ്യുന്നതോടെ ചെളിയാകും. പുറമേ പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുക്കുന്നതും പ്രതിസന്ധി ഇരട്ടിയാക്കിയിട്ടുണ്ട്. റോഡിന്റെ വശങ്ങളിലൂടെ ചെളി നിറഞ്ഞ് നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. വ്യാപാരികളും ആശങ്കയിലാണ്. സ്ഥാപനങ്ങളുടെ മുന്നിലെ ചെളിമൂലം കസ്റ്റമേഴ്സ് വരുന്നില്ലെന്നാണ് പരാതി. പല സ്ഥാപന ഉടമകളും ചവിട്ടി നടക്കാനായി സ്വന്തം ചെലവിലാണ് കല്ലുകളും മറ്റും ഇട്ട് നടക്കാനുള്ള സൗകര്യം ഒരുക്കുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും ബുദ്ധിമുട്ട് മറികടക്കാനാവുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

നാടിന്റെ വികസനത്തിനു വേണ്ടിയുള്ള കുടിവെള്ള പൈപ്പിടലിനെ ആരും വിമർശിക്കുന്നില്ലെന്നും എന്നാൽ മഴക്കാലം വരുന്നതിനു മുമ്പേ ഈ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിൽ നിലവിലെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു എന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.