അലനല്ലൂർ: കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയ നിബിയയുടെ അവയവങ്ങൾ ഇപ്പോൾ തുടിക്കുന്നത് അമൃതയുടേത് ഉൾപ്പെടെ ഏഴുപേരുടെ ശരീരത്തിലാണ്. പാൻക്രിയാസിന്റെയും വൃക്കകളുടെയും പ്രവർത്തനം നിലച്ച് ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു അലനല്ലൂരിലെ പുത്തൻവീട്ടിൽ ബാബുവിന്റെ മകൾ അമൃത.

വെള്ളിയാഴ്ച രാവിലെയാണ് കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇടുക്കി വണ്ടൻമേട് സ്വദേശി നിബിയ മേരി ജോസഫ് മരണത്തിന് കീഴടങ്ങിയത്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചപ്പോൾ തന്നെ ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചു. ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഫോൺ വന്നയുടെൻ രക്ഷിതാക്കളും ബന്ധുക്കളും ചേർന്ന് അമൃതയുമായി കൊച്ചിയിലേക്ക് തിരിച്ചു.

വെള്ളിയാഴ്ച രാത്രിയിലാണ് അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നത്. അവയവങ്ങളോട് അമൃതയുടെ ശരീരം പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട് എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അമൃതയുടെ ചികിത്സക്കായി വരുന്ന തുക നാട്ടുകാരാണ് പിരിച്ചു നൽകിയത്. നാടാകെ ഒത്തൊരുമിച്ച് അമൃതക്കായി കൈകോർത്തപ്പോൾ അവയങ്ങൾ ലഭിച്ച നിബിയയുടെ കുടുംബത്തോടുള്ള അകമഴിഞ്ഞ കടപ്പാടിലാണവർ. ഏഴ് പേർക്കാണ് നിബിയയുടെ അവയവങ്ങൾ തുണയായത്.