പാലക്കാട്: ഒറ്റപ്പാലം നഗരത്തിലെ ബഹുനില കെട്ടിടങ്ങളിൽ അഗ്നിസുരക്ഷാ സേന നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് കെട്ടിടങ്ങളിൽ പൂർണമായും സുരക്ഷാ സംവിധാനങ്ങളില്ലെന്ന് കണ്ടെത്തി. അഞ്ചു കെട്ടിടങ്ങൾക്കും പ്രവർത്തിക്കാൻ അനുമതിയില്ലെന്ന് കാണിച്ച് നഗരസഭയ്ക്കും ദുരന്തനിവാരണ സമിതി അധ്യക്ഷനായ ജില്ലാ കളക്ടർക്കും റിപ്പോർട്ട് നൽകും. കെട്ടിടങ്ങളുടെ ഉടമകൾക്കും ഉടൻ നോട്ടീസ് നൽകുമെന്നും ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ പറഞ്ഞു.
ഒറ്റപ്പാലത്ത് പല കെട്ടിടങ്ങൾക്കും അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്ന പരാതി ലഭിച്ച സാഹചര്യത്തിലാണ് സംഘം പരിശോധനക്കെത്തിയത്. ആർ.എസ് റോഡ്, സെൻഗുപ്ത റോഡ് ജംഗ്ഷൻ, ടി.ബി റോഡ് എന്നിവിടങ്ങളിലെ രണ്ട് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങളാണ് പരിശോധന നടത്തിയത്. അഞ്ച് കെട്ടിടങ്ങളിലും തീപ്പിടിത്തമുണ്ടായാൽ രക്ഷപെടാനുള്ള എമർജൻസി എക്‌സിറ്റ് സംവിധാനമില്ല.
കെട്ടിടങ്ങളുടെ മുകൾഭാഗം തുറസായി ഇടാതെ ഷീറ്റുകൾ സ്ഥാപിച്ച് അടച്ചിട്ട നിലയിലാണ്. അഞ്ച് കെട്ടിടങ്ങളിൽ മൂന്നിടത്ത് മാത്രമാണ് ഫയർലൈൻ സംവിധാനമുള്ളത്. ഇതിൽ രണ്ടിടത്ത് മാത്രമാണ് ഫയർലൈൻ കൃത്യമായി പ്രവർത്തിക്കുന്നത്. ചിലയിടത്ത് ഫയർലൈൻ പൈപ്പുകൾ തുരുമ്പിച്ച നിലയിലാണ്. ചിലത് നശിപ്പിച്ചിട്ടുള്ളതായും സംഘം കണ്ടെത്തി.