pinarayi-vijayan

നെന്മാറ: ഏതു സംരംഭങ്ങൾക്കും കടന്നുവരാൻ കഴിയുന്ന അനുകൂല അന്തരീക്ഷമാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നെന്മാറ അവൈറ്റീസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി എയിംസ് കേരളത്തിന് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് സംരംഭവും ആരംഭിക്കാൻ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയതിലൂടെ കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷനായി. ചലച്ചിത്രതാരം മോഹൻലാൽ മുഖ്യാതിഥിയായി.

മുഖ്യമന്ത്രിക്കുള്ള ഉപഹാരം യു.എ.ഇ എക്സ്ചേഞ്ച് സി.ഇ.ഒ പ്രമോദ് മങ്ങാട്ടും, എൻ.എം.സി ഹോസ്പിറ്റൽ സി.ഇ.ഒ പ്രശാന്ത് മങ്ങാട്ടും ചേർന്ന് കൈമാറി.

ലോക കേരളസഭയും അവൈറ്റീസും ചേർന്ന് പ്രളയ ദുരിതാശ്വാസ ധനശേഖരണത്തിനായി നടത്തുന്ന 'അവൈറ്റീസ് ദേവഭൂമിക' യുടെ ലോഗോ പ്രകാശനവും ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. 'എന്റെ പാലക്കാട് 2025' സംവാദപരമ്പരയുടെ പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ധവളപത്രവും മുഖ്യമന്ത്രിക്ക് കൈമാറി. വയോധികർക്കായുള്ള അവൈറ്റീസ് ഏജ്‌‌ലെസ് പ്രത്യേക പദ്ധതിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടക്കം കുറിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി മങ്ങാട്ട് ഫൗണ്ടേഷൻ നടത്തുന്ന കാമ്പെയിനിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജയും മോഹൻലാലും ചേർന്ന് നിർവഹിച്ചു.

മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, വി.എസ്. സുനിൽകുമാർ, പ്രമുഖ വ്യവസായി ഡോ. ബി.ആർ. ഷെട്ടി, നിയുക്ത എം.പി.മാരായ രമ്യ ഹരിദാസ്, വി.കെ. ശ്രീകണ്ഠൻ, മുൻ എം.പി അബ്ദുൾ സമദ് സമദാനി, എം.എൽ.എമാരായ കെ. ബാബു, ഒ. രാജഗോപാൽ, നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമൻ, അവൈറ്റിസ് എക്‌സിക്യൂട്ടിവ് ഡയറക്ടർമാരായ ശാന്തി പ്രമോദ്, ജ്യോതി പാലാട്ട്, സി.ഇ.ഒ ഡോ. പി. മോഹനകൃഷ്ണൻ എന്നിവർ സംസാരിച്ചു.