നെന്മാറ: മോഹൻലാലിന് വേണ്ടി ആർപ്പുവിളിച്ച ആരാധകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നെന്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.

ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനും വിശിഷ്ടാതിഥിയായ മോഹൻ ലാലും ഏകദേശം ഒരേ സമയത്താണ് വേദിയിൽ എത്തിയത്. താരത്തെ കാണാൻ വലിയ ജനക്കൂട്ടം തന്നെ ആശുപത്രി പരിസരത്ത് എത്തിയിരുന്നു. മോഹൻലാലിനെ കണ്ട നിമിഷം മുതൽ ആരാധകർ കൈയ്യടിച്ചും ആർപ്പു വിളിച്ചും സന്തോഷം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റിട്ടും മോഹൻലാലിന് വേണ്ടിയുള്ള ആർപ്പുവിളി അവസാനിച്ചില്ല. തുടർന്ന് തന്റെ പ്രസംഗത്തിൽ തന്നെ അദ്ദേഹം ആരാധകരുടെ ആർപ്പുവിളികളോടുള്ള അതൃപ്തി രേഖപ്പെടുത്തി. നാടിനെ കുറിച്ച് സംസാരിക്കുമ്പോൾ ബഹളം വയ്ക്കുന്നത് 30 വയസിൽ താഴെയുള്ളവരാണ്. അവർക്ക് ഇതല്ലാതെ മറ്റൊന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

മോഹൻലാലിനെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അതോടെ സദസ് ശാന്തമായി. പിന്നീട് ഉദ്ഘാടന പ്രസംഗം അധികംനീട്ടാതെ മുഖ്യമന്ത്രി വേദിവിട്ടു. തുടർന്ന് സംസാരിച്ച മോഹൻലാലാകട്ടെ സംഭവം പരാമർശിച്ചതേ ഇല്ല.