അയിലൂർ: കഴിഞ്ഞ ഒമ്പതിന് കൊടുവായൂർ തണ്ണിശ്ശേരിയിൽ വച്ച് ആംബുലൻസും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച അയിലൂർ തലവെട്ടാംപാറ സ്വദേശികളുടെ വീടുകൾ മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സന്ദർശിച്ചു. തലവെട്ടാപാറ പുഴയ്ക്കൽ വീട്ടിൽ വൈശാഖ്, നിഖിൽ, അയിലൂർ തോണിപ്പാടം വീട്ടിൽ ശിവൻ എന്നിവരുടെ വീടുകളിലാണ് ഇരുവരും സന്ദർശനം നടത്തിയത്.
ജൂൺ ഒമ്പതിനാണ് തണ്ണിശ്ശേരിയിൽ ആംബുലൻസും, മീൻ ലോറിയും കൂട്ടിയിടിച്ച് അയിലൂർ സ്വദേശികൾ ഉൾപ്പെടെ എട്ടുപേർ മരിച്ചത്. രമേശ് ചെന്നിത്തലയാണ് ആദ്യം മരിച്ചവരുടെ വീടുകളിൽ സന്ദർശനം നടത്തിയത്. അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സുകുമാരൻ, ഡി.സി.സി സെക്രട്ടറി എം.പത്മഗിരീശൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.എം.ഷാജഹാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. മരിച്ച കുടുംബങ്ങൾക്കുള്ള അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയോടൊപ്പം കെ.ബാബു എം.എൽ.എ, മുൻ എം.എൽ.എ വി.ചെന്താമരാക്ഷൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.സുകുമാരൻ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.