പട്ടാമ്പി: പട്ടാമ്പി - പുലാമന്തോൾ പാതയിൽ ആമയൂർ പുതിയ റോഡിൽ പത്തടി താഴ്ചയിലേക്ക് സ്വകാര്യ ബസ് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ 7.30നാണ് അപകടം. നവീകരണം നടക്കുന്ന പാതയിൽ പുതിയ റോഡ് പാടത്തേക്ക് പട്ടാമ്പിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് പോകുന്ന സാരഥി എന്ന ബസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയായിരുന്നു അപകടം.
ജീവനക്കാർ ഉൾപ്പെടെ പതിനഞ്ചോളം പേരാണ് ബസിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ പട്ടാമ്പി സേവന ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊപ്പം എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
17 കോടി രൂപ ചെലവിൽ നവീകരണം നടക്കുന്ന നിരത്തിൽ അപകടം പതിവാണ്. നിരത്തിന്റെ വീതി ഏഴു മീറ്ററാക്കി കുറച്ചതും ഉപരിതലം ഉയർത്തിയതിനൊപ്പം വശങ്ങളിൽ മണ്ണിട്ട് നികത്തിയതുമൂലം മഴ പെയ്തപ്പോൾ വാഹനങ്ങളുടെ ടയറുകൾ മണ്ണിൽ താഴുന്നതുമാണ് അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ ദിവസം സ്‌കൂൾ ബസ് മണിൽ താഴ്ന്നിറങ്ങിയത് ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.