വടക്കഞ്ചേരി: ജനങ്ങളുടെ നിത്യജീവിതത്തിൽ സഹായം നൽകുന്ന സ്ഥാപനങ്ങളാണ് സഹകരണ ബാങ്കുകളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കിഴക്കഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വട്ടിപ്പലിശക്കാരിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നത് ഇത്തരം സ്ഥാപനങ്ങളാണ്. കർഷകർക്കും തൊഴിലാളികൾക്കും വിദ്യാഭ്യാസത്തിനും വായ്പകൾ നൽകുവാൻ ഇത്തരം സ്ഥാപനങ്ങൾ തയ്യാറാവണമെന്നും, സഹകരണ സ്ഥാപനങ്ങളിലെ അമിത രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് എം.കെ.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. നിയുക്ത എം.പി രമ്യ ഹരിദാസ്, മുൻ എം.പി വി.എസ്.വിജയരാഘവൻ, മുൻ മന്ത്രിമാരായ വി.സി.കബീർ, കെ.ഇ.ഇസ്മയിൽ, പഞ്ചായത്ത് പ്രസിഡന്റ് കവിതാ മാധവൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി വി.രാമകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി.എ.ജോസ് സ്വാഗതവും സുബൈദ നന്ദിയും പറഞ്ഞു.