ചെർപ്പുളശ്ശേരി: രാജ്യത്ത് ഇടതുപക്ഷത്തേയും സി.പി.എമ്മിനെയും തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുലുക്കല്ലൂരിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് ഇ.എം.എസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സി.പി.എമ്മിനെ ഇല്ലാതാക്കി ഇടതുപക്ഷത്തെ ദുർബലമാക്കാൻ കഴിയുമോ എന്ന പരീക്ഷണത്തിലാണ് വലതുപക്ഷം. യു.ഡി.എഫും - ബി.ജെ.പിയും വർഗീയവാദികളുടെയും തീവ്രവാദ സംഘടനകളുടെയും കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ എതിർക്കുകയാണ്. ഇക്കാര്യത്തിൽ അവരെ സഹായിക്കാൻ കോർപ്പറേറ്റുകളുമുണ്ട്. മോദി, അമിത് ഷാ ഭരണത്തിൽ ആശങ്കയിലാണ് രാജ്യത്തെ ജനങ്ങൾ. കോർപ്പറേറ്റുകൾക്കു വേണ്ടി രാജ്യത്തെ നിയമങ്ങൾ പോലും സർക്കാർ മാറ്റിയെഴുതുകയാണെന്നും പിണറായി പറഞ്ഞു.
നാടിന്റെ സാംസ്‌കാരിക തനിമ തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ അഞ്ചുവർഷക്കാലം രാജ്യത്ത് കോർപ്പറേറ്റുകൾക്ക് നല്ലകാലമായിരുന്നു. എന്തിനെയും വർഗീയപരമായി കാണുകയാണ് മോദിസർക്കാർ ചെയ്യുന്നത്. ഇതിനെ എതിർക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളൂ. നാട്ടിലെ ഏതൊരു പ്രശ്‌നവും കൈകാര്യം ചെയ്യാൻ അതാത് പ്രദേശങ്ങളിലുള്ള പാർട്ടി ഓഫീസുകൾക്ക് കഴിയണം. മലയോര ഹൈവേയും തീരദേശ ഹൈവേയും പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ 10,000 കോടി രൂപ ചെലവഴിക്കും. പ്രവൃത്തികൾ എല്ലാം തന്നെ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് അധ്യക്ഷനായി. നേതാക്കളായ എം.ചന്ദ്രൻ, എം.ബി.രാജേഷ്, കെ.വി.രാമകൃഷ്ണൻ, ടി.എൻ.കണ്ടമുത്തൻ, സി.പി.എം ഏരിയാ സെക്രട്ടറി കെ.ബി.സുഭാഷ്, പി.കെ.സുധാകരൻ, എൻ.പി.വിനയകുമാർ, എൻ.ഉണ്ണികൃഷ്ണൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എം.വിനോദ് കുമാർ, മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ, പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ലോക്കൽ കമ്മിറ്റിക്കു വേണ്ടി മുളയങ്കാവിലാണ് രണ്ട് നിലകളിലായി ഓഫീസ് പണികഴിപ്പിച്ചിട്ടുള്ളത്.