road
ചെളിക്കുളമായി കിടക്കുന്ന കൽമണ്ഡപം നെഹ്‌റു കോളനി റോഡ്.

പാലക്കാട്: പൈപ്പ് ലൈൻ നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ മഴക്കാലം തുടങ്ങിയതോടെ ചെളിമൂലം പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് കൽമണ്ഡപം നെഹ്‌റു കോളനി നിവാസികൾ. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കൽമണ്ഡപത്തെ വാട്ടർ അതോറിറ്റിയുടെ ജലസേചന പദ്ധതിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ പദ്ധതിയാണ് കോളനിക്കാർക്ക് ദുരിതമായത്.

കൽമണ്ഡപം ചിറക്കാട് അമ്പലത്തിന് സമീപം മൂന്നുമാസം മുമ്പ് പൈപ്പ് ഇടുന്നതിനായി റോഡ് വെട്ടിപ്പൊളിച്ച ഭാഗം ഇപ്പോഴും മൂടാതെ കിടക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന ജെല്ലിയും മണ്ണും റോഡോരത്ത് തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. നെഹ്‌റു കോളനി, ഭവാനഗർ എന്നിവിടങ്ങളിൽ ഒരാഴ്ച മുമ്പാണ് റോഡ് പൊളിച്ചത്. മഴ പെയ്തിറങ്ങിയതോടെ ഇവിടെ ചെളിക്കുളമായി. പല വീട്ടുകാർക്കും ചെളി കാരണം പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല.

വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ പ്രശ്നം കൂടുതൽ വഷളായി. ടയർ ചെളിയിൽ പൂന്തുന്നത് കാരണം ഇരുചക്ര വാഹനങ്ങൾക്ക് ഇതുവഴിയുള്ള യാത്ര ഏറെ പ്രയാസമാണ്. റോഡിന്റെ ശോചനീയാവസ്ഥ മൂലം വിദ്യാർത്ഥികൾ ഉൾപെടെയുള്ള കാൽനട യാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.

കൽമണ്ഡപം 24-ാം വാർഡ് മുഴുവൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡുകൾ വെട്ടിപ്പൊളിച്ചിരിക്കുകയാണ്. മഴയ്ക്ക് മുമ്പ് നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കണമെന്ന് നഗരസഭാദ്ധ്യക്ഷ ഉൾപ്പെടെയുള്ളവരോട് പറഞ്ഞതാണ്. മൂന്നുമാസം മുമ്പ് പൊളിച്ച ഭാഗം ശരിയാക്കാതെയാണ് ഒരാഴ്ച മുമ്പ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. വിഷയത്തിൽ നഗരസഭയ്ക്ക് പരാതി നൽകും.

-ശാന്തി, കൗൺസിലർ, കൽമണ്ഡപം