water
നെന്മാറ തിരുവഴിയാട് പാടശേഖത്തിൽ വെള്ളം പമ്പ് ചെയ്യുന്നു.

നെന്മാറ: ഒന്നാംവിള നെൽകൃഷി ഇറക്കിയ പാടശേഖരങ്ങളിൽ കളശല്യം കൂടിയതിൽ കർഷകർ ആശങ്കയിൽ. വേനൽമഴ കിട്ടിയതോടെ ഏറെ പ്രതീക്ഷയോടെ പൊടിവിത നടത്തിയ കർഷകരാണ് കളശല്യം കൂടിയതോടെ വെട്ടിലായത്. മഴ ശക്തമാകാത്തതിൽ പാടങ്ങളിൽ വെള്ളം കൂടാത്തതും ഇടയ്ക്കു പെയ്യുന്ന ചാറ്റൽ മഴയും കനത്ത വെയിലും കള വളരാൻ കാരണമാകുന്നു.


നിലവിൽ പാടങ്ങളിൽ വെള്ളം പമ്പു ചെയ്താണ് കർഷകർ കളനീക്കം ചെയ്യുന്നത്. മിക്ക കർഷകരും കൃഷിയിടങ്ങളിലും വെള്ളം പമ്പു ചെയ്യാൻ സംവിധാനം ഇല്ലാത്തതിനാൽ മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഉഴുതുമറിച്ച് മുപ്പുകുറഞ്ഞ ഉമ നെൽവിത്താണ് കർഷകരിൽ കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. 30 മുതൽ 35 ദിവസം വരെ മൂപ്പെത്തിയ നെൽപ്പാടങ്ങളാണ് മഴയ്ക്കായി കാത്തിരിക്കുന്നത്.


ഇപ്പോൾ ചെറിയ തോതിൽ വളപ്രയോഗം നടത്തേണ്ട സമയമാണെങ്കിലും വെള്ളം ഇല്ലാത്തതിനാൽ വളം ഇടാൻ കഴിയാത്തതും കർഷകരെ വലയ്ക്കുന്നു. കളപറിച്ചു മാറ്റാൻ കൂലിയിനത്തിൽ തല്ലൊരു തുക ചിലവാകുമെന്ന് തിരുവഴിയാട് പാടശേഖരങ്ങളിലെ കർഷകർ പറഞ്ഞു. ഞാറ്റടി തയ്യാറാക്കി നടീൽ പണികൾ തുടങ്ങുവാൻ മഴയ്ക്കു വേണ്ടി കാത്തിരിക്കുന്നവരും ഇവിടെയുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ കർഷകർ കൂടുതൽ ദുരിതത്തിലാകും.