ചിറ്റൂർ: താലൂക്ക് ആസ്ഥാനമായ ചിറ്റൂർ നഗരത്തിലെ പ്രധാന ഭാഗങ്ങളിലൊന്നും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തത് യാത്രക്കാർക്ക് ഏറെ ദുരിതമാകുന്നു. ആശുപത്രി ജംഗ്ഷൻ, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിലാണ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ യാത്രക്കാർ വലയുന്നത്.
മിനി സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലേക്ക് ദിനംപ്രതി നൂറുകണക്കിന് ആളുകൾ എത്തുന്നുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും തിരിച്ചുപോകാനുള്ള ബസിനുവേണ്ടി സിവിൽ സ്റ്റേഷന് മുമ്പിൽ മഴയും വെയിലും കൊണ്ട് നിൽക്കേണ്ട സ്ഥിതിയാണ്.
ആശുപത്രി ജംഗ്ഷനിൽ നിന്ന് നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, അഞ്ചാംമൈൽ, ഗോപാലപുരം തുടങ്ങിയ ഭാഗത്തേക്കും വണ്ടിത്താവളം പുതുനഗരം, കൊല്ലങ്കോട്, കൊടുവായൂർ, ആലത്തൂർ, പാലക്കാട് ഭാഗങ്ങളിലേക്കും പോകാൻ നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കും. ഇവർക്ക് മഴ കൊള്ളാതെ നിൽക്കണമെങ്കിൽ സമീപത്തെ കച്ചവടക്കാരുടെ കരുണ വേണം.
ഒരേസമയം കൂടുതൽ യാത്രക്കാരെത്തിയാൽ കടക്കാരും കഷ്ടത്തിലാകും. കൂടാതെ ദൂരെ നിന്നെത്തുന്നവർക്ക് പ്രാഥമികാവശ്യം നിർവഹിക്കാൻ സൗകര്യമില്ലാത്തതും, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഏറെ ദുരിതമാണ്. വർഷങ്ങളായുള്ള യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി ആളുകളും സംഘടനകളും നഗരസഭയിലും താലൂക്ക് വികസന സമിതിയിലും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ യാതൊരു നടപടിയും ജനപ്രതിനിധികളുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.