അഗളി: മണ്ണാർക്കാട്- ചിന്നതടാകം സംസ്ഥാന പാതയിൽ ഭൂതവഴി മുതൽ കോട്ടത്തറ വരെ റോഡിന് ഇരുവശത്തും ചെടികളും മരങ്ങളും വളർന്നു നിൽക്കുന്നത് കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണി ഉയർത്തുന്നു. മരങ്ങളുടെ കൊമ്പുകൾ റോഡിലേക്ക് വളർന്ന് നിൽക്കുന്നതാണ് കൂടുതൽ പ്രശ്നം.
കോട്ടത്തറ ഗവ.കോളേജിലെ വിദ്യാർത്ഥികൾക്കും ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തുന്ന കാൽനട യാത്രക്കാർക്കുമാണ് ഏറെ ബുദ്ധിമുട്ട്. പൊതുമരാമത്ത് വകുപ്പ് ഈക്കാര്യത്തിൽ വേണ്ട ശ്രദ്ധ നൽകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ഇവ വെട്ടിത്തെളിക്കാൻ തടസമുണ്ടെന്നാണ് അധികൃതർ പറയുന്നത്. റോഡിലെ തടസം മൂലം രാത്രിയിൽ വാഹനം ഓടിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. വിഷയത്തിൽ അധികൃതർ ഉടൻ നടപടിയെടുക്കണമെന്നാണ് ഡ്രൈവർമാരുടെയും നാട്ടുകാരുടെയും ആവശ്യം.