road
നെല്ലിയാമ്പതി ചെറുനെല്ലിയിൽ പാതയിലേക്ക് ഇടിഞ്ഞു നിൽക്കുന്ന ഭാഗം.

നെല്ലിയാമ്പതി: മഴയൊന്നു കനത്താൽ നെല്ലിയാമ്പതിക്കാർക്ക് പേടിയാണ്. ചുരം പാതയിലൂടെയുള്ള യാത്ര ഏതുസമയത്തും തടസപ്പെടാമെന്ന ഭീതിയിലാണ് തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ. കനത്ത മഴ പെയ്താൽ പാതയിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ വീഴുമെന്നുറപ്പാണ്. ശക്തമായ മഴയാണെങ്കിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവാനും സാദ്ധ്യതയേറെ.

കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് ചുരം പാതയിലൂടെയുള്ള യാത്ര ഭീതിയിലായത്. ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും തകർന്ന 14 ഇടത്ത് സംരക്ഷണ ഭിത്തി നിർമ്മിച്ചിട്ടുണ്ട്. എന്നാൽ പാതയുടെ മുകൾ ഭാഗത്തുനിന്ന് മണ്ണിടിയുന്നത് തടയാനോ ഇടിഞ്ഞുവീണ മണ്ണ് പൂർണമായി മാറ്റാനോ നടപടിയുണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ മരക്കൊമ്പ് പൊട്ടിവീണ് കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർന്നു. പോത്തുണ്ടി കൈകാട്ടി ചുരം പാതയിൽ എട്ടിടങ്ങളിലാണ് ഇപ്പോൾ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നത്. മഴ ശക്തമാകുന്നതിന് മുമ്പ് ഈ ഭാഗങ്ങളിൽ സംരക്ഷണം ഒരുക്കിയില്ലെങ്കിൽ നെല്ലിയാമ്പതിക്കാരുടെ യാത്ര മുടങ്ങും.

ഉരുൾപൊട്ടിയതിനെ തുടർന്ന് ഒലിച്ചുവന്ന വൻ മരങ്ങളും പാതയിലേക്ക് വീഴാറായി നിൽക്കുന്നവയുമാണ് ഭീഷണിയായത്. വീണുകിടക്കുന്ന മരങ്ങൾ നീക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. റോഡിലേക്ക് വീഴാൻ സാദ്ധ്യതയുള്ള ഭാഗങ്ങളിലെ മണ്ണ് നീക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരും പറയുന്നു.