പാലക്കാട്: നഗരസഭ പരിധിയിലെ വീടുകളിലും സംസ്ഥാപനങ്ങളിലും നിന്നായി ഒരാഴ്ചകൊണ്ട് ശേഖരിച്ചത് 1800 കിലോ അജൈവമാലിന്യം. ഇവ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്തത്തിനാൽ നിലവിൽ നഗരപരിധിയിലുള്ള ആറു ഡിവിഷനുകളിലെ പ്രത്യേക സ്ഥലങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. എന്നിട്ടും പൊതുയിടങ്ങളിൽ കുന്നുകൂടിയ മാലിന്യത്തിന് ഇപ്പോഴും പരിഹാരമായിട്ടില്ല. ഇത് കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ദുരിതമാകുകയാണ്.
നഗരസഭയുടെ നേതൃത്വത്തിൽ ഹരിത കർമ്മസേനയുടെ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും മാലിന്യം നീക്കം ചെയ്ത സ്ഥലങ്ങളിൽ ദിവസങ്ങൾക്കകം വീണ്ടും കുമിഞ്ഞു കൂടുകയാണെന്ന് അധികൃതർ പറയുന്നു. നിലവിൽ റോഡോരങ്ങളിലും മറ്റും അമിതമായി കുന്നുകൂടിയ മാലിന്യങ്ങളാണ് നീക്കം ചെയ്തുവരുന്നത്. കൂടാതെ രാത്രി കാലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ രാത്രികാല പൊലീസ് സ്‌ക്വാഡുകളെ ഇറക്കാൻ കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ഡി.ബാലമുരളിയുടെ അദ്ധ്യക്ഷതയിൽ നടന്ന ആരോഗ്യ ജാഗ്രത സമിതി യോഗത്തിൽ തീരുമാനമായി. ഹോട്ടലുകൾ, തട്ടുകടങ്ങൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കുന്നതിനായി ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സംയുക്ത സംഘത്തെയും രൂപീകരിച്ചു.